ഇരട്ട സെഞ്ച്വറിയ്ക്ക് തൊട്ടരികില്‍ നിന്ന ഉസ്മാന്‍ ഖവാജയെ സാക്ഷിയാക്കി ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് പുലിവാലുപിടിച്ച് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയ്ക്ക് അഞ്ച് റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് കമ്മിന്‍സ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനമെടുത്തത്.
ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഖവാജ 368 പന്തുകളില്‍ നിന്ന് 19 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 195 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഞെട്ടലോടെയാണ് താരം ക്രീസ് വിട്ടത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. അപ്പോഴാണ് അപ്രതീക്ഷിതമായി കമ്മിന്‍സ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.
ഈ സംഭവത്തെ എല്ലാ ക്രിക്കറ്റ് ആരാധകരും ഉപമിക്കുന്നത് 2004ല്‍ മുള്‍ത്താന്‍ ടെസ്റ്റില്‍ സച്ചിന്‍ ഇരട്ട സെഞ്ച്വറിയുടെ അരികില്‍ നില്‍ക്കുമ്പോള്‍ അന്നത്തെ നായകന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ ചെയ്ത സംഭവമാണ്. അന്ന് സച്ചിന്‍ 194 റണ്‍സ് എടുത്ത് ക്രീസില്‍ നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അന്നത്തെ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു.