മുംബൈ ഇന്ത്യന്‍സില്‍ നിന്നും കഴിഞ്ഞ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെടുത്ത താരമാണ് ടിം ഡേവിഡ്. മൂന്ന് കോടി രൂപയ്ക്കായിരുന്നു വെടിക്കെട്ട് താരത്തെ ആര്‍സിബി മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. സീസണില്‍ ഇതുവരെയുളള എല്ലാ മത്സരങ്ങളിലും ഓസ്‌ട്രേയിലന്‍ താരത്തെ ബെംഗളൂരു തങ്ങളുടെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫിനിഷര്‍ റോളില്‍ മോശമല്ലാത്ത പ്രകടനമാണ് ആര്‍സിബിക്കായി ടിം ഡേവിഡ് കാഴ്ചവയ്ക്കുന്നത്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിന്റെ രക്ഷകനായത് താരമായിരുന്നു. ബാറ്റിങ് നിര ഒന്നൊന്നായി തകര്‍ന്നടിഞ്ഞ സമയത്ത് 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സടിച്ച് ടീം സ്‌കോറിലേക്ക് താരം കാര്യമായ സംഭാവന നല്‍കി.
ടിം ഡേവിഡിന്റെ ഇന്നിങ്‌സിലാണ് ബെംഗളൂരു ഇന്നലെ 95 റണ്‍സിലെത്തിയത്. അതേസമയം ആര്‍സിബിയില്‍ എബിഡിവില്ലിയേഴ്‌സിന്റെ പകരക്കാരന്‍ ഇനി ടിം ഡേവിഡ് ആണെന്ന് പറയുകയാണ് ആരാധകര്‍. ബെംഗളൂരുവിനായി എബിഡി കാഴ്ചവച്ചിട്ടുളള ഇന്നിങ്‌സ് പോലെ ഡേവിഡിന്റെ കളി തോന്നിപ്പിച്ചുവെന്ന് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ കഴിഞ്ഞ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഡേവിഡിനെ നിലനിര്‍ത്താതിരുന്നത് മണ്ടത്തരമായി പോയെന്നും ആരാധകര്‍ പറയുന്നു. .
‘ഡേവിഡേട്ടന്‍ എന്തൂട്ടാ ഡേവിഡേട്ടന്റെ ബാറ്റിങ്’ എന്ന് പണി സിനിമയിലെ ഡയലോഗ് ഓര്‍മിപ്പിച്ച് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മഴ കാരണം 14 ഓവര്‍ മാത്രം നടന്ന മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്. നേഹാല്‍ വധേരയാണ് പഞ്ചാബിനായി ഫിനിഷിങ് നടത്തിയത്. 19 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 33 റണ്‍സോടെയാണ് വധേര പഞ്ചാബിനെ വിജയത്തില്‍ എത്തിച്ചത്.