IPL 2025: വൈഭവ് സൂര്യവംശിയുടെ ഹോംവര്‍ക്ക് എഴുതുന്നത് രാഹുല്‍ ദ്രാവിഡ്, രാജസ്ഥാന്‍ കോച്ച് എന്താണിത്ര കാര്യമായി എഴുതുന്നതെന്ന ചോദ്യത്തിന് ആരാധകര്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14ാം വയസില്‍ അരങ്ങേറി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചാണ് തന്റെ ഐപിഎല്‍ അരങ്ങേറ്റം വൈഭവ് ആഘോഷമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് വൈഭവ് ഇന്നലത്തെ കളിയില്‍ എടുത്തത്. 170.00 ആയിരുന്നു കൗമാര താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. യശസ്വി ജയ്‌സ്വാളിനൊപ്പം 84 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമായിരുന്നു താരത്തിന്റെ പുറത്താവല്‍. മത്സരം തോറ്റെങ്കിലും കളിയില്‍ ഇന്നലെ താരമായത് വൈഭവ് തന്നെയാണ്. പവര്‍പ്ലേയില്‍ ലഖ്‌നൗവിന്റെ പ്രധാന ബോളര്‍മാരെയെല്ലാം കണക്കിന് ശിക്ഷിച്ചുകൊണ്ടായിരുന്നു വൈഭവ് സൂര്യവംശിയുടെ മുന്നേറ്റം.

സോഷ്യല്‍ മീഡിയയിലും വലിയ പ്രശംസകളാണ് ഐപിഎല്‍ അരങ്ങേറ്റത്തിന് പിന്നാലെ വൈഭവിന് ലഭിക്കുന്നത്. ട്രോള്‍ പേജുകളിലും ക്രിക്കറ്റ് ചര്‍ച്ചകളിലും ഉള്‍പ്പെടെ എല്ലായിടത്തും താരം നിറഞ്ഞുനില്‍ക്കുന്നു. ട്വിറ്ററില്‍ ഒരു ട്വീറ്റിന് താഴെ വന്ന കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്താണ് ദ്രാവിഡ് സാഹിബ് ഇത്രവേഗത്തില്‍ നോട്ടുബുക്കില്‍ എഴുതികൊണ്ടിരിക്കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി അത് വൈഭവ് സൂര്യവംശിയുടെ സ്‌കൂള്‍ ഹോംവര്‍ക്ക് ആണെന്നായിരുന്നു മറ്റൊരാളുടെ രസകരമായ മറുപടി.

Read more

മത്സരത്തില്‍ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് അവസാന ഓവറിലായിരുന്നു തിരിച്ചടി നേരിടേണ്ടി വന്നത്. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വേണ്ടി വന്ന സമയത്ത് എഴ് റണ്‍സ് മാത്രമാണ് ടീം സ്‌കോറിലേക്ക് ചേര്‍ക്കാനായത്. ആവേശ് ഖാന്‍ ഏറിഞ്ഞ ഓവറില്‍ ഹെറ്റ്‌മെയര്‍ ശാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കി മടങ്ങിയത് വലിയ തിരിച്ചടിയായി. പിന്നാലെ ശുഭം ദുബെയ്ക്കും ധ്രുവ് ജുറലിനും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല. രാജസ്ഥാനായി വൈഭവിന് പുറമെ യശസ്വി ജയ്‌സ്വാള്‍(74), റിയാന്‍ പരാഗ്(39) തുടങ്ങിയവരും ലഖ്‌നൗവിനെതിരെ തിളങ്ങി. പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു സാംസണ് പകരം റിയാന്‍ പരാഗാണ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.