IPL 2025: അവന്മാര് നാണംകെട്ട് തലതാഴ്ത്തി മടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു സുഖമുണ്ട്, ഐപിഎലിലെ ആ റെക്കോഡ് വീണ്ടും ആവര്‍ത്തിച്ച് ഈ ടീം, കയ്യടിച്ച് ആരാധകര്‍

ഐപിഎലിലെ നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയുമായി ഇത്തവണത്തെ സീസണിനെത്തിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശ്രേയസ് അയ്യരിന് പകരം അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മോശമില്ലാത്ത തുടക്കമാണ് ടീമിന് ഈ വര്‍ഷം ലഭിച്ചത്. നിലവില്‍ ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുകളാണ് കൊല്‍ക്കത്തയ്ക്കുളളത്. പോയിന്റ് ടേബിളില്‍ ഗുജറാത്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും പിറകിലായി മൂന്നാം സ്ഥാനത്താണ് അവരുളളത്‌. എപ്രില്‍ 15ന് പഞ്ചാബ് കിങ്‌സുമായാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

അതേസമയം എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ കൂടുതല്‍ തവണ പുറത്താക്കിയതിനുളള റെക്കോഡും കൊല്‍ക്കത്തയ്ക്കാണ്. ഐപിഎലില്‍ പലതവണ ശക്തരായ ഏതിരാളികളെ പോലും സ്പിന്‍ കെണിയിലും പേസ് കെണിയിലുമായി കെകെആര്‍ കുടുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കിരീടം നേടിയ സമയത്തും ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരുപാട് പ്രാവശ്യം സംഭവിച്ചിരുന്നു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 103 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ബോളര്‍മാര്‍ തളച്ചത്.

സുനില്‍ നരെയ്ന്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നീ ഫാസ്റ്റ് ബോളര്‍മാര്‍ക്കും വിക്കറ്റുകളുണ്ടായിരുന്നു. കെകെആറിന്റെ ഇന്നലത്തെ വിജയത്തിന് പിന്നാലെ അഞ്ചാം പാതിര സിനിമയിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രമായ റിപ്പര്‍ രവിയുടെ ഡയലോഗ് ഉപയോഗിച്ചുളള ട്രോളുകള്‍ വൈറലായിരുന്നു. അവന്മാര് നാണംകെട്ട് തലതാഴ്ത്തി മടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു സുഖമുണ്ട് എന്ന് കൊല്‍ക്കത്തയുടെ വിജയത്തെ വിശേഷിപ്പിച്ചുകൊണ്ടുളളതാണ് ട്രോള്‍.