ഗുജറാത്ത് ടൈറ്റന്‍സിനോട് 39 റണ്‍സിന് തോറ്റതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണില്‍ വീണ്ടും തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 159 റണ്‍സ് എടുക്കാനെ കെകെആറിന് സാധിച്ചുളളൂ. നായകന്‍ അജിന്‍ക്യ രഹാനെ ഒഴിച്ച് ബാക്കി ആര്‍ക്കും ഇംപാക്ടുളള പ്രകടനം നടത്താന്‍ സാധിക്കാതെ പോയതോടെയാണ് കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടിയായത്. വെടിക്കെട്ട് ബാറ്റര്‍ റസലിന് ഇത്തവണയും ടീമിനായി ഫിനിഷിങ് നടത്താന്‍ സാധിച്ചില്ല. 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഈ സീസണില്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും ടീമിനായി നടത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. 4, 5, 1, 7, 17, 21 എന്നിങ്ങനെയാണ് ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി കൊല്‍ക്കത്തയ്ക്കായി റസല്‍ നേടിയ സ്‌കോറുകള്‍. ആറ് വിക്കറ്റുകളാണ് ബോളറെന്ന നിലയില്‍ താരത്തിന്റെ സമ്പാദ്യം. 12 കോടിക്കാണ് ഇത്തവണ കെകെആര്‍ മാനേജ്‌മെന്റ് 36കാരനായ വിന്‍ഡീസ് താരത്തെ നിലനിര്‍ത്തിയത്. കപ്പടിച്ച കഴിഞ്ഞ വര്‍ഷം 19 വിക്കറ്റുകളും 222 റണ്‍സുമാണ് റസല്‍ ടീമിനായി നേടിയത്.
കൊല്‍ക്കത്ത വീണ്ടും തോറ്റതിന് പിന്നാലെ റസലിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍. റസലിനെ പുറത്താക്കൂ. അവന്റെ കളിയെല്ലാം പോയി. മൂന്ന് വര്‍ഷത്തെ കരാര്‍ ആരാധകര്‍ക്ക് വേദനയായിരിക്കും സമ്മാനിക്കുക, സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കുറിച്ചു. റസലിനെ നിലനിര്‍ത്തിയതിന് കെകെആര്‍ മാനേജ്‌മെന്റിനെ ജയിലിലടയ്ക്കണം എന്നാണ് മറ്റൊരു ട്രോള്‍. റസല്‍ ഇന്നത്തെ കാലത്ത് ഒരു തമാശയാണ് എന്നാണ് മറ്റൊരാള്‍ ട്രോളിയത്.