IPL 2025: മഞ്ഞയില്‍ മരം നട്ടുപിടിപ്പിച്ചുളള ജേഴ്‌സി, ആഹാ അന്തസ്, സിഎസ്‌കെയ്ക്ക് ഇത് പെര്‍ഫക്ട്‌ ഒകെയെന്ന് ആരാധകര്‍, എയറില്‍ നിന്ന് ഇറക്കാതെ ഫാന്‍സ്‌

ഐപിഎലില്‍ ഇത്തവണ ആരാധകര്‍ക്ക് ഒന്നടങ്കം നിരാശ നല്‍കികൊണ്ടുളള പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലത്തെ കളിയും തോറ്റതോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായി തന്നെ തുടരുകയാണ് ധോണിയുടെ ടീം. എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റ് മാത്രമാണ് ചെന്നൈയ്ക്കുളളത്. പ്ലേഓഫ് പ്രതീക്ഷകളെല്ലാം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാണ് അവരുളളത്. അതേസമയം ചെന്നൈയെ കളിയാക്കി രസകരമായ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍.

സിഎസ്‌കെയുടെ പുതിയൊരു ജേഴ്‌സി പുറത്തിറക്കിയാണ് ട്രോള്‍ പേജുകളില്‍ ടീമിനെ എയറിലാക്കിയിരിക്കുന്നത്. മഞ്ഞ കളര്‍ ജേഴ്‌സിയില്‍ മരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മഞ്ഞയില്‍ മരംനട്ടുപിടിപ്പിച്ചുളള ജേഴ്‌സി എന്നാണ് ഇതിനെ കളിയാക്കി ആരാധകര്‍ വിളിക്കുന്നത്. അടിപൊളിയായിട്ടുണ്ടെന്ന് ട്രോളി മറ്റുചിലര്‍ രംഗത്തെത്തുന്നു.

വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ചെന്നൈയെ മുംബൈ തോല്‍പ്പിച്ചുവിട്ടത്. ആദ്യ ബാറ്റിങ്ങില്‍ 176 റണ്‍സെടുത്ത് മോശമില്ലാത്ത സ്‌കോര്‍ ചെന്നൈ മുംബൈയ്ക്ക് മുന്നില്‍ വച്ചെങ്കിലും 15.4 ഓവറില്‍ അവര്‍ അത് അനായാസം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. ഇന്നലത്തെ വിജയത്തോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ ടീം.