ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ചെറിയ സ്കോറിന് ഹൈദരാബാദ് പുറത്താകുന്നു. കളി ആവേശം വരണം എന്നുണ്ടെങ്കിൽ അവർ അതെ നാണയത്തിൽ ലക്നൗവിനെ വെല്ലുവിളിക്കണം ആയിരുന്നു. അത് ഉണ്ടാക്കാത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന് ലക്‌നൗ സൂപ്പർ ജയൻറ്സ് ഈ സീസണിലെ രണ്ടാം ജയം നേടി. 5 വിക്കറ്റിനായിരുന്നു ടീമിന്റെ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഹൈദരാബാദ് നായകന്റെ തീരുമാനം തെറ്റായി പോയി എന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് നടത്തിയത്. ട്രാക്ക് കുറച്ച് സ്ലോ ആണെന്നത് വസ്തുത ആയിരുന്നെങ്കിലും യാതൊരു തത്രവും ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. ഭേദപ്പെട്ട രീതിയിൽ തുടങ്ങിയ ടീമിന് സ്കോർ 21 ൽ നിൽക്കെ ഓപ്പണർ മായങ്കിനെ(8 ) നഷ്ടമായി. പിന്നാലെ മികച്ച രീതിയിൽ തുടങ്ങിയ ഓപ്പണർ അമ്മോൻപ്രീത് സിങ് (31) പുറത്തായി. ഇരുവരെയും വീഴ്ത്തിയത് ക്രുനാൽ പാണ്ഡ്യയയാണ്.
പിന്നാലെ ഒരു ഘോഷയാത്ര ആയിരുന്നു. നായകൻ മക്രം(0) ഈ സീസണിൽ പ്രതീക്ഷയിൽ എത്തിയ ഹാരി ബ്രൂക്ക് (3) എന്നിവർ വീണപ്പോൾ 100 എങ്കിലും കടത്താനുള്ള ലക്ഷ്യത്തിൽ ബാറ്റ് ചെയ്ത രാഹുൽ ത്രിപാഠി 35 (41) -വാഷിംഗ്‌ടൺ സുന്ദർ 16 (28) എന്നിവർ ടെസ്റ്റ് ശൈലിയിൽ ബാറ്റ് ചെയ്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ അബ്ദുൽ സമദ് 21 (10) ഫോർമാറ്റ് ടി20 ആണെന്ന് സഹതാരങ്ങൾ ഓർമ്മിപ്പിച്ചപ്പോൾ സ്കോർ 120 കടന്നു. ലക്നൗവിനായി പാണ്ഡ്യ മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റും വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയി യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
ഇത്തരത്തിൽ ഉള്ള കടുപ്പമേറിയ സാഹചര്യം വരുമ്പോൾ എന്നും വൃത്തിക്ക് കളിക്കുന്ന കെ.എൽ രാഹുൽ ഇന്നത്തെ ബോളിങ് ഹീറോ ക്രുനാൽ പാണ്ഡ്യ എന്നിവർ തമ്മിലുള്ള കൂട്ടുകെട്ടാണ് ജയം എളുപ്പമാക്കിയത്. വിജയത്തിലേക്ക് അടുക്കുന്നതിനിടയിൽ കുറച്ച് അലസത കാണിച്ചെങ്കിലും ടീം ജയം കൈവിട്ടില്ല. രാഹുൽ 35 റൺസ് നേടിയപ്പോൾ കൃണാൽ 34 റൺസ് നേടി. റൊമാരിയോ ഷെപ്പേർഡ് റൺ ഒന്നും എടുക്കാതെ പുറത്തായെങ്കിലും മാർക്കസ് സ്റ്റോയ്‌നിസ്- നിക്കോളാസ് പൂരന് സഖ്യം ടീമിനെ വിജയവര കടത്തി. ആദ്യ രണ്ട് മത്സരങ്ങളിലെ ഹീറോ മയേഴ്സ് 13, ദീപക്ക് ഹൂഡ 7 എന്നിവരുടെ വിക്കറ്റാണ് ടീമിന് തുടക്കത്തിൽ നഷ്ടമായത്.
ഹൈദരാബാദിനായി ആദിൽ റഷീദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ ഭുവനേശ്വർ, ഫറൂഖി , ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ലക്നൗ ബോളറുമാർ കാണിച്ച അച്ചടക്കം ഫാറൂഖി, റഷീദ് ഒഴികെയുള്ള ഒരു ഹൈദരാബാദ് ബോളറും കാണിച്ചില്ല.