ബാറ്റിംഗ് ലൈനപ്പിലെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വലിയ തലവേദനയാണ് സമീപ കാലത്ത് സൃഷ്ടിച്ചത്. പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഫോമിലേക്ക് ഉയരാത്തതാണ് പ്രധാന പ്രശ്‌നം. എങ്കിലും ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇരുവരും തരക്കേടില്ലാത്ത സംഭാവന നല്‍കി. എന്നാല്‍ അതൊന്നും പോരെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എന്‍ജിനീയറുടെ അഭിപ്രായം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.
സൂര്യകുമാര്‍ യാദവിന്റെ വലിയ ആരാധകനാണ് ഞാന്‍. പ്രതിഭയും മത്സരംജയിക്കാന്‍ പ്രാപ്തിയും ഉള്ള താരമാണ് അയാള്‍. പുജാരയ്‌ക്കോ രഹാനെയ്‌ക്കോ പകരമായി സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തണം. രഹാനെയും പുജാരെയും നല്ല കളിക്കാരാണ്. പക്ഷേ, സൂര്യകുമാര്‍ യാദവ് മാച്ച് വിന്നറാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സൂര്യകുമാറിനെ കളിപ്പിക്കണം. ആക്രമിച്ചു കളിക്കുന്ന സൂര്യകുമാറിന് അതിവേഗം സെഞ്ച്വറി നേടാന്‍ സാധിക്കും- ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.
വിജയിച്ച ടീമില്‍ മാറ്റംവരുത്താന്‍ സാധാരണയായി എല്ലാവരും മടിക്കും. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് വ്യത്യസ്തരായ ആള്‍ക്കാര്‍ എന്ന വാക്യം ഓര്‍ക്കണം. ഹെഡിങ്‌ലിയിലെ പിച്ച് ടെസ്റ്റിന് നല്ല രീതിയില്‍ യോജിച്ചതാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് പിച്ചുകളിലൊന്നായി അതു കരുതപ്പെടുന്നു. അതിനാല്‍ സൂര്യകുമാറിന് അവസരം കൊടുക്കുന്നത് കാണാന്‍ താല്‍പര്യപ്പെടുന്നതായും ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.