ബാസ്‌ബോളിന് ബദലായി ഇന്ത്യയുടെ 'ഗംബോള്‍'; ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റിലെ ഇന്ത്യയുടെ ആക്രമണ ശൈലിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിനിടെ, മഴ മൂലം രണ്ട് ദിവസം നഷ്ടപ്പെട്ടിട്ടും ആക്രമണ ബാറ്റിംഗ് ശൈലിയിലൂയെ സന്ദര്‍ശകരെ തകര്‍ക്കാന്‍ ഇന്ത്യയ്ക്കായി. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് ശൈലി ഇംഗ്ലണ്ടിന്റെ പ്രശസ്തമായ ‘ബാസ്‌ബോള്‍’ സമീപനവുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്.

ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ മൈക്കല്‍ വോണും ആദം ഗില്‍ക്രിസ്റ്റും ഇന്ത്യന്‍ ടീമില്‍ നിന്നുള്ള പുതിയ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സംഭാഷണത്തിനിടെ ആദം ഗില്‍ക്രിസ്റ്റ് ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ ‘ഗാംബോള്‍’ എന്ന് വിശേഷിപ്പിച്ചു. ”(ഗൗതം) ഗംഭീര്‍ ഇതിനകം ഗാംബോളിന് പേറ്റന്റ് നേടിയിട്ടുണ്ട്. ഇനി ഇംഗ്ലണ്ട് കരുതലോടെയാണ് മുന്നേറേണ്ടത്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

എന്നാല്‍ വോണ്‍ ബാസ്‌ബോളിനെ ഗാംബോളുമായി താരതമ്യം ചെയ്തു. ‘ഗാംബോള്‍ എനിക്ക് ബാസ്‌ബോളിനോട് സാമ്യമുള്ളതായി തോന്നുന്നു,’ അദ്ദേഹം പ്രതികരിച്ചു. അവിശ്വസനീയമായ വിജയത്തിന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയെ അഭിനന്ദിച്ച മൈക്കല്‍ വോണ്‍, ഇന്ത്യ ബാസ്ബോള്‍ കളിക്കുകയാണെന്നു എക്‌സിലൂടെ പ്രതികരിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം നിയമിതനായതിനുശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ ആക്രമണാത്മക കളി ശൈലി കൊണ്ടുവന്നതിന് അദ്ദേഹത്തിന്റെ പേരില്‍ നിന്ന് ഉയര്‍ന്നുവന്ന പദമാണ് ബാസ്‌ബോള്‍. അതുപോലെ, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പേരിലാണ് ‘ഗംബോള്‍’ ഉരിത്തിരിഞ്ഞിരിക്കുന്നത്.