ഇത്തവണ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരിലൊരാളാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഒൻപത് ഇന്നിംഗ്സുകളിൽ നിന്നും 565 നേടി രൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ രച്ചിൻ ഉള്ളത്. 25 വയസിനിടെ ഏറ്റവും കൂടുതൽ ലോകകപ്പ് റൺസടിക്കുന്ന താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു.
കളിമികവ് പോലെതന്നെ തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമാണ് ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന്റെ പേര്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിനോട് സാമ്യമുള്ളത് കൊണ്ട് തന്നെ അതിനോട് ബന്ധപ്പെടുത്തിയാണ് ‘രച്ചിൻ ചർച്ചകൾ’ ഏറ്റവും കൂടുതൽ നടക്കുന്നത്. കൂടാതെ രാഹുൽ ദ്രാവിഡിന്റെ പേരിൽ നിന്നും ‘ര’ എന്ന അക്ഷരവും സച്ചിന്റെ പേരിൽ നിന്നും ‘ച്ചിൻ’ എന്ന അക്ഷരവും ചേർത്താണ് രച്ചിൻ രവീന്ദ്രക്ക് പേരിട്ടത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൾ.
എന്നാൽ ഇപ്പോഴിതാ അത്തരം പ്രചരണം തള്ളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രച്ചിന്റെ പിതാവ് രവികൃഷ്ണ മൂർത്തി. ജനിച്ചപ്പോൾ തന്നെ ഇട്ട പേരാണ് രച്ചിൻ എന്നും വലുതായി ക്രിക്കറ്റ് കളിക്കാരൻ ആവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്നും രച്ചിന്റെ പിതാവ് പറയുന്നു.
“രച്ചിൻ ജനിച്ചപ്പോൾ ഭാര്യയാണ് പേര് നിർദേശിച്ചത്. പേര് നല്ലതായതിനാലും വിളിക്കാൻ എളുപ്പമായതിനാലും മറ്റൊരു പേരും ചർച്ചചെയ്യൻ ഞങ്ങൾ നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രാഹുലിന്റെയും സച്ചിന്റെയും പേരുകൾ കൂടിച്ചേർന്നതാണ് മകന്റെ പേരെന്ന്. എന്നാൽ ഞങ്ങൾ മകൻ ക്രിക്കറ്റ് കളിക്കാരനാകണമെന്നോ മറ്റെന്തെങ്കിലും ആകണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ആ പേര് നൽകിയത്”
1999 നവംബർ 18 ന് വെല്ലിംഗ്ടണിൽ ആണ് രച്ചിൻ ജനിച്ചത്. പിന്നീട് പിതാവ് രവി കൃഷ്ണമൂർത്തി 1990-കളിൽ ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.