മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ആരാധകർ ഇനി കാത്തിരിക്കുന്നത്. എന്തായാലും ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ ഹരിയാനയ്‌ക്കെതിരായ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നെ മനോഹരമായി തിരിച്ചെത്തി മനോഹരമായ ഒരു സ്പെൽ എറിഞ്ഞാണ് ആരാധകർക്ക് സന്തോഷം നൽകിയിരിക്കുന്നത്. ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ടീമിൽ നിന്ന് പുറത്തായ ഷമി ചാമ്പ്യൻസ് ട്രോഫിയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ മധ്യത്തിൽ ഷമിയുടെ തിരിച്ചുവരവ് വാർത്ത ആദ്യം കേട്ടെങ്കിലും അത് ഉണ്ടായില്ല.
ഹരിയാനയ്‌ക്കെതിരായ നോക്കൗട്ട് മത്സരത്തിൽ ഷമി 8 ഓവറിൽ 3/48 എന്ന സ്‌പെല്ലാണ് എറിഞ്ഞത്. ആറാം ഓവറിൽ കീപ്പർ അഭിഷേക് പോറലിൻ്റെ ക്യാച്ചിൽ പുറത്തായ റാണയുടെ (14) വിക്കറ്റാണ് ഷമിക്ക് ആദ്യം കിട്ടിയത്. ആദ്യ സ്പെല്ലിൽ നല്ല രീതിയിൽ അടി കൊണ്ട താരം പിന്നെ തിരിച്ചുവരുക ആയിരുന്നു. 42-ാം ഓവറിൽ ദിനേശ് ബാനയെ പുറത്താക്കി രണ്ടാം വിക്കറ്റ് വീഴ്ത്തിയ ഷമി ഉടൻ തന്നെ അൻഷുൽ കംബോജിനെ പുറത്താക്കി, തൻ്റെ നേട്ടത്തിലേക്ക് മൂന്നാം വിക്കറ്റും കൂട്ടിച്ചേർത്തു.
ഷമി പങ്കെടുക്കുന്ന നോക്കൗട്ട് ഗെയിമിന് സാക്ഷ്യം വഹിക്കാൻ സെലക്ടർമാർ സന്നിഹിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അത് സിടി 2025-ലേക്കുള്ള അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പിനെ നിർണ്ണയിക്കും. എന്തായാലും ഷമി ബുംറ സിറാജ് സഖ്യം ചാമ്പ്യൻസ് ട്രോഫിയിൽ പന്തെറിയാൻ ഉണ്ടെങ്കിൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.