ചാമ്പ്യന്മാരെ അട്ടിമറിച്ച് ഐ.പി.എല്ലിലെ കുഞ്ഞന്മാര്‍ക്ക് ആദ്യജയം ; സി.എസ്‌.കെയുടെ കയ്യില്‍ നിന്നും എല്‍.എസ്.ജി മത്സരം തട്ടിപ്പറിച്ചു

അവസാന പന്തു വരെ ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പ്പിച്ച് ഐപിഎല്ലിലെ നവാഗതരായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യ ജയം നേടി. ആറു വിക്കറ്റിന് സിഎസ്‌കെയെ തോല്‍പ്പിച്ചായിരുന്നു എല്‍എസ്ജി ആദ്യ വിജയം നേടിയത്. വെസ്റ്റിന്‍ഡീസ് താരം ലൂയിസിന്റെയും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെയുംഅര്‍ദ്ധശതകങ്ങളും നായകന്‍ രാഹുലിന്റെ ബാറ്റിംഗ് മികവും ഒടുവില്‍ യുവതാരം ബദോനിയുടെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ സിഎസ്‌കെ വീണു.

ഇരു ടീമും ഒരുപോലെ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ അവസാന പന്തു വരെ ആവേശം ചിതറി. സിഎസ്‌കെ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ മറികടന്നുള്ള എല്‍എസ്ജിയുടെ വിജയം ഐപിഎല്ലിലെ മറ്റു ടീമുകള്‍ക്കും മുന്നറിയിപ്പാണ്. സിഎസ്‌കെ അനാവശ്യമായി വഴങ്ങിയ 14 എക്‌സ്ട്രാസ് കളിയില്‍ നിര്‍ണ്ണായകമായി.  വിന്‍ഡീസ് താരം ലൂയിസ് നടത്തിയ വെടിക്കെട്ടാണ് മത്സരം സിഎസ്‌കെയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചത്. 23 പന്തില്‍ 55 റണ്‍സായിരുന്നു ലൂയിസ് നേടിയത്. ആറു ബൗണ്ടറിയും മൂന്ന് സിക്‌സറും താരം നേടി. ബദോനി ഏഴു പന്തില്‍ 18 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 210 റണ്‍സായിരുന്നു. എല്‍എസ്ജി മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ ഈ സ്‌കോര്‍ മറികടന്നു.

അവസാന പന്തുവരെ ആവേശം മാറി മറിഞ്ഞ മത്സരത്തില്‍ ഇരു ടീമും ഇഞ്ചോടിഞ്ച് പോരാടി. ഓപ്പണിംഗില്‍ കെഎല്‍ രാഹുലും ഡീകോക്കും ചേര്‍ന്ന ജോഡി 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്ത് ലക്‌നൗവിന് നല്‍കിയത് മികച്ച തുടക്കമായിരുന്നു. 26 പന്തില്‍ 40 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ പ്രിട്ടോറിയസിന്റെ പന്തില്‍ അമ്പാട്ടി റായിഡു പിടികൂടുകയായിരുന്നു. രണ്ടു ബൗണ്ടറികളും മൂന്ന് സിക്‌സറും താരം പറത്തി. തൊട്ടുപിന്നാലെ അഞ്ചു പന്തില്‍ ആറു റണ്‍സ് എടുത്ത മനീഷ് പാണ്ഡേയും പുറത്തായി.

അര്‍ദ്ധശതകം നേടി ടീമിന് മികച്ച സംഭാവന ചെയ്ത ക്വിന്റണ്‍ ഡീകോക്കോ ഒരറ്റത്ത് ഉറച്ചു നിന്നു. 36 പന്തുകളില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ക്വിന്റന്‍ ഡീകോക്ക് 45 പന്തില്‍ 61 റണ്‍സ് എടുത്തു പ്രിട്ടോറിയസിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി. തൊട്ടുപിന്നാലെ ദീപക് ഹൂഡയെ 13 റണ്‍സിന് പുറത്താക്കി ബ്രാവോ ഐപിഎല്ലില്‍ റെക്കോഡും ഇട്ടു. 171 വിക്കറ്റുമായി ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി ബ്രാവോ മാറി. സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയായിരുന്നു ക്യാച്ച് എടുത്തത്്

റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബേയുടേയും അര്‍ദ്ധശതകത്തിന്റെ മികവിലായിരുന്നു ചെന്നൈ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. റോബിനൊപ്പം ഓപ്പണറായി എത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദിന് ഒരു റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. രവിബിഷ്‌ണോയിയുടെ ത്രോയില്‍ റണ്ണൗട്ടായി. എട്ടു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി റോബിന്‍ ഉത്തപ്പ 26 പന്തുകളില്‍ 50 റണ്‍സ് എടുത്തു. ആവേശ് ഖാന്‍ 22 പന്തില്‍ 35 റണ്‍സ് എടുത്ത്് സ്‌കോറിംഗിന് വേഗം കൂട്ടിക്കൊണ്ടിരുന്ന മൊയിന്‍ അലിയെ ക്ലീന്‍ ബൗള്‍ ചെയ്തു.

ആവേശ് ഖാന്റെ പന്തില്‍ ലൂയിസ് പിടിച്ചു പുറത്താകുമ്പോള്‍ 30 പന്തുകളില്‍ 49 റണ്‍സാണ് ശിവം ദുബേ എടുത്തത്. 20 പന്തുകളില്‍ 27 റണ്‍സാണ് അമ്പാട്ടി റായിഡു നേടിയത്. പിന്നാലെ വന്ന ധോണി ആവേശ് ഖാനെതിരേ സിക്‌സറോടെയാണ് തുടങ്ങിയത്. പിന്നാലെ ഒരു ബൗണ്ടറിയും താരം പറത്തിപ്പോള്‍ സ്‌കോര്‍ 200 ലെത്തി. അവസാന ഓവറില്‍ ആദ്യ പന്തില്‍ 17 റണ്‍സ് എടുത്ത ജഡേജ പുറത്തായി. ഒമ്പത് പന്തില്‍ 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ടൈയുടെ പന്തില്‍ മനീഷ് പാണ്ഡേ പിടികൂടുകയായിരുന്നു. പിന്നാലെ പ്രിട്ടോറിയസും പുറത്തായി. ധോണി 16 റണ്‍സുമായി ടിട്വന്റി മത്സരങ്ങളില്‍ 7000 റണ്‍സും പൂര്‍ത്തിയാക്കി.