അഫ്ഗാനിസ്ഥാന്‍, വാര്‍ത്തകളില്‍ എന്നും തീവ്രവാദവും യുദ്ധവും കാരണം പരിചിതമായ ഒരു പേര് ക്രിക്കറ്റില്‍ ആ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി പതുക്കെ എങ്കിലും അഫ്ഗാന്‍ എന്ന പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട് അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ മനുഷ്യനാണ്. റാഷിദ് ഖാന്‍..
പിന്നീട് അയാളുടെ പാതപിന്‍പറ്റി ഒരു പാട് പേര്‍ വന്നു. റഹ്‌മാനുള്ള ഗുര്‍ബാസും മുഹമ്മദ് നബിയും സെസായിയും നൂര്‍ അഹമ്മദും നവീനുല്‍ ഹഖും മുജീബ് റഹ്‌മാനും എല്ലാം. അവരെല്ലാം കൂടെ അഫ്ഗാന്‍ ക്രിക്കറ്റിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. എത് സമയവും മരണം മുന്നില്‍ കാണുന്ന ഒരു ജനതക്ക് ഇപ്പോള്‍ ഒരല്‍പ്പമെങ്കിലും ആശ്വാസമാകുന്നത് തങ്ങളുടെ രാജ്യത്തിന്റെ ക്രിക്കറ്റ് മത്സരങ്ങളാണത്രെ.
നിലക്കാത്ത വെടിയൊച്ചകള്‍ക്കിടയില്‍ ശാന്തമായൊരു അന്തരീക്ഷമില്ലാത്ത നാട്ടില്‍, മതിയായ പരിശീലന സൗകര്യങ്ങളോ എടുത്ത് പറയാന്‍ ഒരു ക്രിക്കറ്റ് പാരമ്പര്യമോ ഇല്ലാത്ത ഒരു രാജ്യത്ത് നിന്ന് അയാള്‍ ലോകത്തിലെ എല്ലാ ലീഗുകളിലും ചെന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ബാറ്റര്‍മാരുടെ സംഹാര ഭൂമിയായ കുട്ടിക്രിക്കറ്റിന്റെ പച്ചപ്പുല്‍ മൈതാനങ്ങളില്‍ ലോകത്തിലെ ഏതൊരു ഫ്രാഞ്ചൈസിക്കും റാഷിദ് ഖാന്‍ എന്ന ബൗളര്‍ ഫസ്റ്റ് ചോയ്‌സ് ആയി മാറി.
ബൗളിംഗ് മാത്രമല്ല ബാറ്റിംഗിലും അയാള്‍ ഇടക്കിടക്ക് ബിഗ് ഹിറ്റിംഗുകള്‍ നടത്തി. അതെപ്പോഴും ടീമുകള്‍ക്ക് ഒരു ബോണസായിരുന്നു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബൗളറായിരുന്നിട്ട് കൂടെ ഫീല്‍ഡിംഗില്‍ അയാള്‍ ഒരിക്കലും പരിക്കുകളെ ഭയന്നിരുന്നില്ല. അയാള്‍ക്കൊരു മോശം ദിവസമുണ്ടായാല്‍ ആഘോഷിക്കാര്‍ ഒരുപാട് പേര്‍ ഉണ്ടാവും. എന്തിന് സഞ്ജു തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പായിച്ചപ്പോള്‍ ഈ ഞാന്‍ അടക്കം അത് ആഘോഷിച്ചിരുന്നു. അത് സഞ്ജുവിനോടുള്ള ഇഷ്ടത്തേക്കാള്‍ കൂടുതല്‍ റാഷിദ് ഖാന്‍ എന്ന ബോളറുടെ റേഞ്ച് അറിയാവുന്നത് കൊണ്ട് തന്നെയാണ്.
ഇന്നലെ മുംബെയുമായി മത്സരിക്കുമ്പോള്‍ 200 ലധികം റണ്‍സടിച്ച മുംബെയിലെ ടോപ് ഓര്‍ഡറിലെ നാല് പേരെ 30 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മടക്കി അയക്കുമ്പോള്‍ അത് എന്നത്തേയും പോലെ ഒരു സ്‌പെഷ്യല്‍ റാഷിദ് സ്‌പെല്‍ ആണെന്നേ കരുതിയുള്ളൂ. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുമ്പോള്‍ ഏഴാമനായി ക്രീസിലേക്ക് വന്ന ഈ ചെറിയ വലിയ മനുഷ്യനില്‍ നിന്ന് വലിയ അത്ഭുതം ഒന്നും പ്രതീക്ഷിച്ചില്ല. ഗുജറാത്ത് നൂറ് റണ്‍സിനെങ്കിലും തോല്‍ക്കുമെന്ന് കരുതി, കുറഞ്ഞത് ഒരു 70 റണ്‍സിനെങ്കിലും കളി ഗുജറാത്ത് തോറ്റു. പക്ഷെ വെറും 30 റണ്‍സുകള്‍ക്ക് താഴെ..
ജസ്റ്റ് റാഷിദ് ഖാന്‍ ഷോ, മിസ് ഹിറ്റുകളില്ല കണ്ണും പൂട്ടി അടി ഇല്ല അളന്ന് മുറിച്ച് തൂക്കിയ എണ്ണം പറഞ്ഞ 10 സിക്‌സ് അടക്കം 79 റണ്‍സ്. കളി ഗുജറാത്ത് തോറ്റെങ്കിലും കുട്ടിക്രിക്കറ്റിലെ മഹത്തായ ഒരു പെര്‍ഫോമന്‍സ് ലൈവായി കണ്ടതിന്റെ രോമാഞ്ചം- 4-0-30-4, 79 (32)..
ശരിക്കും ഫാനാക്കിക്കളഞ്ഞു, അല്ലെങ്കിലും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലല്ലോ. ഇനിയും ലോകത്തിന്റെ എല്ലാ കോണിലും അയാള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ. അയാളുടെ കൈ പിടിച്ച് അഫ്ഗാന്‍ ക്രിക്കറ്റും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.
എഴുത്ത്: റാഷിദ് ഗസ്സാലി
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്