മുൻ ഇന്ത്യൻ താരം എംഎസ് ധോണിക്കും ചെന്നൈ സൂപ്പർ കിംഗ്‌സിനും (സിഎസ്‌കെ) വലിയ ഉത്തേജനമായി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)വിരമിച്ച കളിക്കാരെ അൺക്യാപ്പ്ഡ് വിഭാഗത്തിൻ്റെ ഭാഗമാക്കാൻ അനുവദിക്കുന്ന പഴയ നിയമം വീണ്ടും അവതരിപ്പിക്കാൻ സാധ്യത. അഞ്ച് വർഷത്തിലേറെയായി പ്രാബല്യത്തിൽ ഇല്ലാതിരുന്ന നിയമം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ അത് ചെന്നൈ ആരാധകർക്ക് സന്തോഷം നൽകും.
2008-ൽ ടൂർണമെൻ്റിൻ്റെ ആദ്യ സീസൺ മുതൽ ഈ നിയമം നിലവിലുണ്ടായിരുന്നു, എന്നാൽ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാത്തതിനാൽ 2021-ൽ ഇത് ഒഴിവാക്കി. ഫ്രാഞ്ചൈസി ഉടമകളുടെയും ഇന്ത്യൻ ക്രിക്കറ്റിൻ്റെ അപെക്‌സ് ബോഡിയുടെയും യോഗത്തിൽ, ഇത് തിരികെ കൊണ്ടുവരാൻ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ബിസിസിഐയോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് ഫ്രാഞ്ചൈസികൾ ഇതിനെ എതിർത്തു.
“ഈ നിയമം തിരികെ വരാനുള്ള സാധ്യതയുണ്ട്. ടീമുകൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇത് ചർച്ച ചെയ്യപ്പെട്ടു. പഴയ നിയമങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടാം” ബിസിസിയിലെ ഒരു വൃത്തം പറഞ്ഞു.
പഴയ നയമനുസരിച്ച്, ഒരു അൺക്യാപ്ഡ് കളിക്കാരനെ 4 കോടി രൂപയ്ക്ക് നിലനിർത്താം. 4 കോടി രൂപയ്ക്ക് എംഎസ് ധോണിയെ നിലനിർത്തിയാൽ, സിഎസ്‌കെയ്ക്ക് കൂടുതൽ പണം മറ്റ് താരങ്ങൾക്കായി നൽകാം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 264 മത്സരങ്ങൾ ധോണി കളിച്ചിട്ടുണ്ട്. 2022 ലെ മെഗാ ലേലത്തിന് മുന്നോടിയായി 12 കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിർത്തി.