പുതിയ കാലത്തെ ക്രിക്കറ്റ് താരങ്ങളില്‍ പ്രശംസയേറെ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡിനും പന്തെന്ന് പറഞ്ഞാല്‍ നൂറ് നാവാണ്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ പന്ത് ഓര്‍മ്മിപ്പിക്കുന്നുവെന്ന് ലോയ്ഡ് പറഞ്ഞു.
ഇംഗ്ലണ്ട് അടുത്തടുത്ത് രണ്ട് വിക്കറ്റ് പിഴുത നേരത്താണ് ഋഷഭ് ക്രീസിലെത്തുന്നത്. അപ്പോള്‍ ഡി.കെ. (ദിനേശ് കാര്‍ത്തിക്) എന്നോട് ചോദിച്ചു- ‘മുന്‍ കോച്ചെന്ന നിലയില്‍ നിങ്ങള്‍ പന്തിനോട് അടങ്ങിനില്‍ക്കാന്‍ പറയുമോ’ ?. ഇല്ലെന്നായിരുന്നു എന്റെ മറുപടി. മത്സര സാഹചര്യമെന്തായാലും എതിര്‍പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിടുകയാണ് പന്തിന്റെ ജോലി. പന്ത് ആദം ഗില്‍ക്രിസ്റ്റിനെ അനുസ്മരിപ്പിക്കുന്നതായി താന്‍ കാര്‍ത്തിക്കിനോട് പറഞ്ഞെന്നും ലോയ്ഡ് വ്യക്തമാക്കി.
മത്സരഗതിയും സാഹചര്യവും പരിഗണിക്കാതെയുള്ള ഋഷഭ് പന്തിന്റെ ബാറ്റിംഗ് പരക്കെ വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. മികച്ച സ്‌കോറിലേക്കെന്നു തോന്നിച്ചശേഷം വമ്പനടിക്ക് ശ്രമിച്ച് പുറത്താകുന്ന പന്തിന്റെ രീതിയാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ദരെയും ചൊടിപ്പിക്കുന്നത്. എന്നാല്‍ പന്ത് സ്വാഭാവികമായി ആക്രമിച്ച് കളിക്കട്ടേയെന്നു തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിലപാട്.