ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചതിന് പോപ്പ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഖ്യാന്‍ ഓജ. കര്‍ഷകര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും പുറത്തു നിന്നുള്ളവര്‍ അക്കാര്യത്തില്‍ ഇടപെടേണ്ടെന്നും ഓജ ട്വിറ്ററില്‍ പ്രതികരിച്ചു.
“എന്റെ രാജ്യം ഞങ്ങളുടെ കര്‍ഷകരില്‍ അഭിമാനം കൊള്ളുന്നു. അവര്‍ എത്രത്തോളം പ്രധാനപ്പെട്ടവരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഉടന്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്. പുറത്തു നിന്നുള്ള ഒരാള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല” ഓജ ട്വിറ്ററില്‍ വ്യക്തമക്കി.
റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, യു.എസില്‍ നിന്നും, യു.കെയില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യയിലെ സിനിമാ ക്രിക്കറ്റ് മേഖലയിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.
കര്‍ഷകരുടെ വിഷയത്തില്‍ എന്തുകൊണ്ടാണു നമ്മള്‍ ചര്‍ച്ച നടത്താത്തതെന്നായിരുന്നു റിഹാനയുടെ ട്വിറ്ററിലെ ചോദ്യം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പോപ് ഗായിക ഷെയര്‍ ചെയ്തിട്ടുണ്ട്.