ഇനി കളികള്‍ രാഷ്ട്രീയത്തില്‍, അംബാട്ടി റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് റായുഡു പാര്‍ട്ടിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപിയുടെ ബാനറില്‍ അംബാട്ടി റായുഡു മത്സരിച്ചേക്കുമെന്നാണ് സൂചന.

റായുഡുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ജഗന്‍മോഹന്‍ പദ്ധതിയിടുന്നതായി പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിയമസഭയിലേക്കാണെങ്കില്‍ സ്വന്തം മണ്ഡലമായ ഗുണ്ടൂര്‍ വെസ്റ്റില്‍നിന്ന് മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കൃഷ്ണ, പൊന്നൂര്‍ മണ്ഡലങ്ങള്‍ക്കും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. ലോക്സഭയിലേക്കാണെങ്കില്‍ മച്ചിലിപട്ടണത്തുനിന്നായിരിക്കും ജനവിധി തേടുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പൊന്നൂരില്‍ നിന്നോ ഗുണ്ടൂരില്‍ നിന്നോ ആവും റായുഡു മത്സരിക്കുക. എന്നാല്‍ മചിലപട്ടണമാണ് റായുഡുവിന് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ഡലമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മറ്റ് ചില ഉന്നത നേതാക്കളുടെ നിലപാട്.

കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കൊപ്പം കിരീടം നേടിയശേഷമാണ് 37കാരനായ റായുഡു സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സടിച്ചിട്ടുള്ള റായുഡു 2019ലെ ലോകകപ്പിന് തൊട്ടു മുമ്പ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച റായഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.