ഓസ്‌ട്രേലിയയില്‍ അവന്‍ തീയുണ്ടയാകും; ഇന്ത്യന്‍ യുവ പേസര്‍ക്കായി വാദിച്ച് പാക് താരം

ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കെ ടി20 ലോക കപ്പില്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്ന് പാകിസ്താന്‍ മുന്‍ താരം റാഷിദ് ലത്തീഫ്. ഓസ്ട്രേലിയയിലെ പിച്ച് അതിവേഗ പേസര്‍മാരെ പിന്തുണക്കുന്നതാണെന്നും അവിടെ ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരുടെ അന്തകനായിക്കും ഉമ്രാനെന്നും റാഷിദ് പറഞ്ഞു.

‘ഐപിഎല്ലിന് ശേഷം എല്ലാവരും വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. ഏഷ്യാ കപ്പും ടി20 ലോക കപ്പുമാണ് മുന്നിലുള്ളത്. ഓസ്ട്രേലിയയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണവന്‍. ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരെ പ്രയാസപ്പെടുത്താന്‍ ഉമ്രാന് സാധിക്കും. ചിലപ്പോള്‍ ഓസീസിന് പോലും അവന്റെ പേസിനെ നേരിടുക കടുപ്പമാവും.’

‘ഓസ്ട്രേലിയയില്‍ വളരെ സഹായം ചെയ്യുന്ന ബോളറാണ് ഉമ്രാന്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇത്തരമൊരു പേസറെ സമീപകാലത്തൊന്നും ആരും നേരിട്ടട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഷഹീന്‍ അഫ്രീദി എന്നിവരെല്ലാം സ്വിംഗ് ചെയ്ത് പന്തെറിയുന്നവരാണ്. എന്നാല്‍ ഇവരുടെയൊക്കെ ശരാശരി വേഗം 145 ആണ്. എന്നാല്‍ ഉമ്രാന്റെ വേഗം അതിലും മുകളിലാണ്. നല്ല ബൗണ്‍സും കണ്ടെത്താന്‍ അവന് സാധിക്കുന്നുണ്ട്’ ലത്തീഫ് പറഞ്ഞു.

തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ് കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുകളുടെ ഉടമ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഈ യുവ പേസറാണ്. എന്നാല്‍ അതിവേഗ പന്തുകള്‍ എറിയുന്നു എന്നല്ലാതെ റണ്‍സ് വഴങ്ങുന്നതില്‍ യാതൊരു മടിയും ഉമ്രാന്‍ കാട്ടാറില്ല. 10.43 ഇക്കോണമിയാണ് ഉമ്രാന് ഈ സീസണിലുള്ളത്.

കെകെആറിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഉമ്രാന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം. 6.75 ഇക്കോണമിയിലാണ് ഉമ്രാന്റെ ഈ പ്രകടനം.