IPL 2025: ഒത്തുകളി വ്യാപകം, ആരാധകരെ വിഡ്ഢികളാക്കുന്നു, ഐപിഎലില്‍ എല്ലാം നിയന്ത്രിക്കുന്നത് അവര്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ താരം

ഐപിഎലിലെ മിക്ക ടീമുകളും ഒത്തുകളിക്കാരുടേതെന്ന് ആരോപിച്ച് മുന്‍ പാകിസ്ഥാന്‍ താരം തന്‍വീര്‍ അഹമ്മദ്. ഐപിഎലാണ് വലിയ ലീഗെന്നുളള ബിസിസിഐയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് തന്‍വീര്‍ അഹമ്മദ് രംഗത്തെത്തിയത്. ഐപിഎല്‍ വലിയ ലീഗാണെന്ന് പറയുമ്പോഴും വലിയ ഒത്തുകളി നടക്കുന്നത് ഇവിടെയാണെന്ന് പാകിസ്ഥാന്‍ മുന്‍ താരം ആരോപിച്ചു. ഐപിഎലിലെ മിക്ക ടീമുകളും ഒത്തുകളിക്കാരുടെതാണെന്നും തന്‍വീര്‍ പറഞ്ഞു.

‘ബിസിസിഐ പറയുന്നു അവരുടെ ഐപിഎലാണ് ലോകത്തിലെ എറ്റവും വലിയ ലീഗെന്ന്. അതെ, പക്ഷേ എറ്റവും വലിയ ഒത്തുകളിയും നടക്കുന്നുണ്ട്. മിക്ക ടീമുകളും ഒത്തുകളിക്കാരുടെ കൂടെയാണ്, തന്‍വീര്‍ അഹമ്മദ് എക്‌സില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് എല്‍എസ്ജിയോട് പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം വന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഹോംഗ്രൗണ്ടില്‍ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റ രീതിയില്‍ എനിക്ക് സംശയം ഉണ്ടെന്നും അത്രയും കുറച്ച് റണ്‍സും ഒരുപാട് വിക്കറ്റുകളഉം ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ തോറ്റതെന്നും ഇദ്ദേഹം പറഞ്ഞു.

അതില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പണ്ടും ഒത്തുകളിയുടെ ഭാഗമായ ടീമാണ് രാജസ്ഥാന്‍ എന്ന് ശ്രദ്ധിക്കണം, രാജസ്ഥാന്റെ ചില മത്സരഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നും അതിനാല്‍ അതില്‍ കൃത്യമായ അന്വേഷണം വരണം. ഏജന്‍സികള്‍ ഇത് അന്വേഷിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്നുമാണ് ജയ്ദീപ് പറഞ്ഞത്.