'പിള്ളേര്‍ ക്ലിക്കായാല്‍ ഇന്ത്യ തരിപ്പണം', വെല്ലുവിളിക്ക് തുടക്കമിട്ട് മുന്‍ പാക് താരം

യുഎഇ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ആ മത്സരത്തെ കാത്തിരിക്കുന്നു. ലോക കപ്പിലെ ഹൈടെക് അങ്കത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ വാക് യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് മുന്‍ പാക് ഓള്‍ റൗണ്ടര്‍ അസര്‍ മഹമ്മൂദ്. പാക് ടീം കഴിവിനൊത്ത് കളിച്ചാല്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ് അസര്‍ മഹമ്മൂദിന്റെ പക്ഷം.

2017 ചാമ്പ്യന്‍സ് ട്രോഫിയിലെ ലീഗ് മത്സരത്തില്‍ തോറ്റ പാകിസ്ഥാന്‍ ശക്തമായി തിരിച്ചുവന്ന് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി. 2019 ലോക കപ്പില്‍ നമ്മള്‍ ഇന്ത്യയോട് കീഴടങ്ങി. ലോക കപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ റെക്കോഡ് അത്ര നല്ലതല്ല. എന്നാല്‍ വരുന്ന ലോക കപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനായാസമാകില്ല. കാരണം ട്വന്റി20യില്‍ പാക് താരങ്ങള്‍ നന്നായി കളിക്കുന്നവരാണ്- അസര്‍ മഹമ്മൂദ് പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനവും ടീമിന്റെ ബലവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ തങ്ങളുടെ ദിനത്തില്‍ പാക് കളിക്കാര്‍ ക്ലിക്കായാല്‍ തീര്‍ച്ചയായും ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കും. മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്കും ബോളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസും രാജിവെച്ചത് ശരിയായ സമയത്തല്ലെന്നും പാകിസ്ഥാന്‍ കളിക്കാരുടെ പ്രകടനത്തെ അതു ബാധിക്കുമെന്നും മഹമ്മൂദ് കൂട്ടിച്ചേര്‍ത്തു.