സൗത്താഫ്രിക്കന്‍ ടി20 ലീഗിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലീഗാക്കി മാറ്റുമെന്ന് SA20 കമ്മീഷണറും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനുമായ ഗ്രെയിം സ്മിത്ത്. ഐപിഎലാണ് ലോകത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ ലീഗെന്നും അതില്‍നിന്ന് മാത്രമേ നമുക്കും പഠിക്കാനാവൂ എന്നും സ്മിത്ത് സമ്മതിച്ചു.
ഞങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഞങ്ങളെ പിന്തുണയ്ക്കുന്നതിലും ഞങ്ങളെ നയിക്കുന്നതിലും ബിസിസിഐയും ഐപിഎല്ലും അതിശയകരമായ പങ്കാണ് വഹിക്കുന്നത്. ഐപിഎല്‍ ആണ് ഫ്രാഞ്ചൈസി ക്രിക്കറ്റിനെ മുന്‍നിരയില്‍നിന്ന് നയിക്കുന്നത്. ഞങ്ങള്‍ക്ക് അവരില്‍ നിന്ന് മാത്രമേ പഠിക്കാനാവൂ- സ്മിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഭാവിയില്‍ കൂടുതല്‍ ഇന്ത്യന്‍ കളിക്കാര്‍ സൗത്താഫ്രിക്കന്‍ ടി20 ലീഗിലേക്ക് വരുന്നതിനെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, അവസരം ലഭിച്ചാല്‍ അവരെ ലഭിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ നിലവില്‍ അത്തരം പദ്ധതികളൊന്നുമില്ലെന്നും സ്മിത്ത് പറഞ്ഞു.
‘ഇന്ത്യന്‍ കളിക്കാര്‍ ലഭ്യമാണെങ്കില്‍ അവരെ ഇവിടെ ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒന്നിനും നിലവില്‍ പദ്ധതിയില്ല. ഞങ്ങള്‍ എപ്പോഴും സംഭാഷണങ്ങള്‍ നടത്താറുണ്ട്, ഒരുപക്ഷേ ഐപിഎല്‍ സമയത്ത് ഞാന്‍ ഇന്ത്യയില്‍ ഉണ്ടാകും. അവരുമായി വളരെ നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. രണ്ട് വര്‍ഷം ഐപിഎല്ലില്‍ കളിച്ചത് എന്റെ ഭാഗ്യമാണ്- സ്മിത്ത് പറഞ്ഞു.