ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി. ട്വിറ്ററിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരു ടീമുകളുടെയും പിന്തുണയോടെയാണ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ-ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി ട്വീറ്റില്‍ പറഞ്ഞു.
ഭാവിയില്‍ ടെസ്റ്റില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം വിലയിരുത്തിയാകുമെന്നും ഐ.സി.സി ട്വീറ്റില്‍ വ്യക്തമാക്കി. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ മത്സരം നടക്കുന്നത്.
പുതിയ രീതി അനുസരിച്ച് ടെലിവിഷന്‍ അമ്പയര്‍, ബോളര്‍മാര്‍ എറിയുന്ന പന്തുകളെല്ലാം ഹോക്ക് ഐ ഫ്രീസ് ഫ്രെയിം ഉപയോഗിച്ച് കൃത്യമായി വിലയിരുത്തും. ഇതിനായി സൂപ്പര്‍ സ്ലോ മോഷന്‍ റിപ്ലേയും ഉപയോഗിക്കും. പന്ത് നോ ബോള്‍ ആണെങ്കില്‍ ടിവി അമ്പയര്‍, ബസര്‍ ഉപയോഗിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഈ സമയം ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കും.
നിലവില്‍ ഫീല്‍ഡ് അമ്പയര്‍മാരാണ് നോ ബോളുകള്‍ പരിശോധിച്ചിരുന്നത്. ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കാതെ വരുന്ന സമയങ്ങളിലോ ടീമുകള്‍ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്ന അവസരങ്ങളിലോ ആണ് നേരത്തെ നോ ബോള്‍ തീരുമാനങ്ങള്‍ തേഡ് അമ്പയറിന് വിട്ടിരുന്നത്.
നേരത്തെ ഓസ്ട്രേലിയയില്‍ നടന്ന വനിതാ ലോക കപ്പില്‍ പുതിയ രീതി ഐ.സി.സി പരീക്ഷിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായിട്ടായിരുന്നു ഐസിസി ഈ രീതി പ്രയോഗിച്ചത്.