ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നതും കരിയറില്‍ ആദ്യ സെഞ്ച്വറി നേടുന്നതുമെല്ലാം ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലുമാണ്. ഇക്കാര്യം വിരാട് കോഹ്ലിയ്ക്ക് മനസ്സിലാക്കിക്കൊടുത്ത സംഭവം ഒരിക്കല്‍ ഗൗതം ഗംഭീര്‍ പറയുകയുണ്ടായി.
2009 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ശ്രീലങ്കാ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച ശേഷം തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് ഗംഭീര്‍ കോഹ്ലിയ്ക്ക് കൊടുത്താണ് മത്സരം സ്‌പെഷ്യലാക്കിയത്. ഈ മത്സരത്തില്‍ ഗംഭീര്‍ മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങി 150 റണ്‍സാണ് അടിച്ചുകൂട്ടിയത്.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്ന കോഹ്ലി 107 റണ്‍സുമാണ് അടിച്ചത്. ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കളിയില്‍ വിരാട്‌കോഹ്ലി കണ്ടെത്തിയത് കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു.
കോഹ്ലിയുടെ കളി വെച്ച് അദ്ദേഹം ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയാലും താരത്തിന്റെ ആദ്യ സെഞ്ച്വറിനേട്ടം സ്‌പെഷ്യലാക്കി മാറ്റണമെന്ന ചിന്തയില്‍ നിന്നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അന്ന് യുവതാരമായിരുന്ന കോഹ്ലിയ്ക്ക് ഗംഭീര്‍ നല്‍കിയത്.