ഗംഭീറിന്റെ ഗര്‍ജനം; ടീം ഇന്ത്യ കാണുന്നുണ്ടോ?

ഇന്ത്യന്‍ ടീമില്‍ നിന്നും ഏറെ നാളായി പുറത്ത് നില്‍ക്കുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രഞ്ജിയില്‍ കാഴ്ച്ചവെക്കുന്നത് തകര്‍പ്പന്‍ പ്രകടനം. മധ്യപ്രദേശിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നായകന്റെ കളി കെട്ടഴിച്ചാണ് ഗംഭീര്‍ ഡല്‍ഹിയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

മധ്യപ്രദേശിന്റെ 217 റണ്‍സ് വിജയലക്ഷ്യം ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ പൊരുതി നേടിയാണ് ഗംഭീര്‍ തന്റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചത്. വെറും 129 പന്തില്‍ നിന്നും 95 റണ്‍സാണ് ഗംഭീര്‍ അടിച്ച് കൂട്ടിയത്. ഇതോടെ ഏഴ് വിക്കറ്റിന്റെ അഭിമാനകരമായ ജയവും ഡല്‍ഹി സ്വന്തമാക്കി.

129 പന്തില്‍ ഒന്‍പത് ബൗണ്ടറികളുടേയും ഒരു സിക്‌സിന്റേയും സഹായത്തോടെയായിരുന്നു ഗംഭീറിന്റെ പ്രകടനം. സെഞ്ച്വറിയ്ക്ക് അഞ്ച് റണ്‍സ് അകലെ വെച്ച് ഹിര്‍വാണി ഗംഭീറിനെ റണ്ണൗട്ടാക്കുകയായിരുന്നു. അപ്പോഴേക്കും ഡല്‍ഹി ജയമുറപ്പിച്ചിരുന്നു. 57 റണ്‍സെടുത്ത ചണ്‍ഡേലയും പുറത്താകാതെ 46 റണ്‍സുമായി ഷോറെയും ഗംഭീറിന് മികച്ച പിന്തുണ നല്‍കി.

ഇതോടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി രഞ്ജി ട്രോഫിയില്‍ സെമിയിലേക്ക് തിരിച്ചെത്തി. ഈ സീസണില്‍ രണ്ടു സെഞ്ചുറിയടക്കം ഭേദപ്പെട്ട പ്രകടനമാണ് ഈ 36കാരന്‍ രഞ്ജിയില്‍ നടത്തിയത്.

കഴിഞ്ഞ നവംബറിലാണ് അവസാനമായി ഗംഭീര്‍ ടീം ഇന്ത്യയുടെ കുപ്പായം അണിഞ്ഞത്. ഇംഗ്ലണ്ടായിരുന്നു എതിരാളി.