കുംബ്ലെയെ കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാംഗുലി

ടീം ഇന്ത്യയില്‍ കുംബ്ലെയെ നിലനിര്‍ത്താന്‍ താന്‍ നടത്തിയ പോരാട്ടം വെളിപ്പെടുത്തി സൗരവ് ഗാംഗുലി. ഇതാദ്യമായാണ് ക്രിക്കറ്റ് അകത്തളങ്ങളില്‍ രഹസ്യമായ ഈ സംഭവത്തെ കുറിച്ച് ഗാംഗുലി തന്നെ സ്ഥിരീകരണവുമായി എത്തിയത്. കഴിഞ്ഞ 2025 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന വിശേഷണത്തോടെയാണ് ഗാംഗുലി കുംബ്ലെയ്ക്കായി താന്‍ നടത്തിയ പോരാട്ടം വെളിപ്പെടുത്തിയത്

2003ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും കുംബ്ലെയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചുരുന്നത്രെ. അന്ന് ഗാംഗുലി ഇടപെട്ടാണ് കുംബ്ലെയെ ടീം ഇന്ത്യയില്‍ നിലനിര്‍ത്തിയത്. സെലക്ടര്‍മാരുടെ രൂക്ഷ എതിര്‍പ്പ് മറികടന്നായിരുന്നു അന്ന് ഗാംഗുലി നിലപാട് സ്വീകരിച്ചത്.

ഒടുവില്‍ കുംബ്ലെയോ, ഗാംഗുലിയോ ടീം ഇന്ത്യയോ മോശം പ്രകടനം കാഴ്ച്ചവെച്ചാല്‍ നടപടി ഗാംഗുലി നേരിടേണ്ടി വരുമെന്ന് സെലക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഈ വെല്ലുവിളി ഏറ്റെടുത്തായിരുന്നു ഗാംഗുലി അന്ന് കുംബ്ലെയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

“2003ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പായി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുകയാണ്. അന്ന് ഞാനാണ് ക്യാപ്റ്റന്‍. യോഗത്തില്‍ കുംബ്ലെയെ പുറത്താക്കണം എന്നായിരുന്നു സെല്കടര്‍മാരുടെ തീരുമാനം, എന്നാല്‍ കുംബ്ലെ ടീമില്‍ വേണമെന്ന് ഞാന്‍ ശക്തമായി വാദിച്ചു.എന്നാല്‍ എന്റെ വാദം സെല്കടര്‍മാര്‍ തള്ളുകയായിരുന്നു

കുംബ്ലെയ്ക്കു പകരം ഇടംകയ്യന്‍ സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അവരുടെ വാദം. സാധാരണ പെട്ടെന്നു തന്നെ അവസാനിക്കാറുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഈ തര്‍ക്കത്തില്‍ തട്ടി മണിക്കൂറുകള്‍ നീണ്ടു. ഞാന്‍ കുംബ്ലെ വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നപ്പോള്‍, വേണ്ടെന്ന നിലപാടില്‍ സെലക്ടര്‍മാരും ഉറച്ചുനിന്നു.

ഇതോടെ അന്നത്തെ പരിശീലകന്‍ ജോണ്‍ റൈറ്റ് എന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തല്‍ക്കാലം സെലക്ടര്‍മാര്‍ പറയുന്നതുപോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്തായാലും നാം ഈ പരമ്പരയില്‍ നന്നായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കുംബ്ലെയില്ലാത്ത ടീമില്‍ കളിക്കില്ലെന്ന തീരുമാനം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ചില കളികളില്‍ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാന്‍ സമ്മതിക്കില്ലെന്നും ഞാന്‍ റൈറ്റിനെ അറിയിച്ചു. ഇപ്പോള്‍ കുംബ്ലെയെ തഴഞ്ഞാല്‍ അദ്ദേഹം വീണ്ടും ടീമില്‍ കളിച്ചേക്കില്ലെന്നും ഞാന്‍ ചൂണ്ടിക്കാട്ടി.

കുംബ്ലയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ടീമംഗങ്ങളുടെ പട്ടികയില്‍ ഞാന്‍ ഒപ്പിടില്ലെന്നു കൂടി പറഞ്ഞതോടെ സെലക്ഷന്‍ കമ്മിറ്റി അയഞ്ഞു. അവര്‍ എന്നെക്കൊണ്ട് മടുത്തതു പോലെയായി. അതോടെ അവര്‍ എനിക്കെതിരെ ഒരു കൊച്ചു ഭീഷണിയുമായി വന്നു. ഞാനോ, കുംബ്ലെയോ, ടീമോ മോശമായി കളിച്ചാല്‍ എനിക്കായിരിക്കും ഉത്തരവാദിത്തമെന്നായിരുന്നു അവരുടെ നിലപാട്. ഞാന്‍ അത് അംഗീകരിച്ചതോടെ കുംബ്ലെ വീണ്ടും ടീമിലെത്തി”

Read more

ആ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം കുംബ്ലെയുടേതായിരുന്നു. പരമ്പരയിലാകെ മൂന്നു മല്‍സരങ്ങളില്‍നിന്ന് മൂന്ന് അഞ്ചു വിക്കറ്റ് നേട്ടവും ഒരു 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ കുംബ്ലെ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തി. നാലു മല്‍സരങ്ങളില്‍നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ അജിത് അഗാര്‍ക്കര്‍ രണ്ടാമതായി. ആ വര്‍ഷം ടെസ്റ്റിലാകെ 80 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന സ്പിന്നറുമായി.