ടീം ഇന്ത്യയുടെ തോല്‍വി; ഗംഭീറിന് പറയാനുളളത്

മികച്ച ഫോമില്‍ കളിച്ചിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാനാകാത്ത നിര്‍ഭാഗ്യവാനായ കളിക്കാരനായാണ് ഗൗതം ഗംഭീര്‍. അഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും മികച്ച പ്രകടനം കാഴ്ച്ച വെക്കാറുളള ഗംഭീറിന് പ്രായവും ഓപ്പണിംഗ് സ്ഥാനത്തെ ഒഴിവില്ലായിമുമെല്ലാം ടീം ഇന്ത്യയില്‍ തിരിച്ചെത്തുന്നതിന് വിഘാതമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റിലും ഇന്ത്യ ദയനീയമായി തോറ്റപ്പോള്‍ ഗംഭീറിനേയും രഹാനയേയും പോലുളള കളിക്കാര്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ തോല്‍വിയുടെ പേരില്‍ ടീം ഇന്ത്യ വിമര്‍ശ കൂരമ്പുകളേറ്റ് പിടയുമ്പോള്‍ എല്ലാവരേയും പോലെ ഇന്ത്യന്‍ ടീമിനെ എഴുതിതള്ളാനൊന്നും ഗംഭീര്‍ തയ്യാറല്ല.

വിമര്‍ശനത്തിന് പകരം ടീം ഇന്ത്യയ്ക്ക് ഇപ്പോള്‍ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു. രണ്ട് മത്സരത്തിലെ തോല്‍വിയുടെ പേരില്‍ അവരെ മോശക്കാരാക്കരുതെന്നും ഇന്ത്യയ്ക്കായി മികച്ച നേട്ടങ്ങള്‍ നേടിയ ടീമാണ് ഇതെന്നും ഗംഭീര്‍ ഓര്‍മ്മിക്കുന്നു. മികച്ച കളി കെട്ടഴിച്ച ദക്ഷിണാഫ്രിക്കയെ അഭിനന്ദിക്കാനും ഗംഭീര്‍ മറന്നില്ല.

ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. എല്ലാ കാര്യത്തിലും തന്റേതായ ഒരഭിപ്രായം പറയാറുളള ഗംഭീറിന്റെ ഈ ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്.

നേരത്തെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര കൈവിട്ടിരുന്നു. ആദ്യ രണ്ട് മത്സരവും തോറ്റതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായത്. ആദ്യ മത്സരം 72 റണ്‍സിനും രണ്ടാം 135 റണ്‍സിനുമാണ് ടീം ഇന്ത്യ തോറ്റത്.