ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച യുവതാരം ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏറെ കഴിവുള്ള താരമാണ് ഗില്ലെന്നും എന്നാല്‍ ഏറെ വിനയത്തോടെ മുന്നോട്ട് പോകണമെന്നും ഗംഭീര്‍ ഉപദേശിച്ചു.
“രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറാവാന്‍ അവന് മികവുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ തോക്കിന്റെ മുന്നിലേക്ക് ചാടരുത്. അവന്‍ മികച്ച പ്രതിഭയാണ്, എന്നാല്‍ തല കുനിച്ച് വിനയത്തോടെ മുന്നോട്ട് പോകണം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് വളരെ പ്രയാസമുള്ളതാണ്.”
“സ്വപ്നതുല്യമായ തുടക്കമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ യുവതാരങ്ങളുമായി പരമ്പര നേടാനായി. മനോഹരമായി ഗില്‍ ബാറ്റ് ചെയ്തു. അവനെ അവന്റേതായ ശൈലിയില്‍ വളരാന്‍ അനുവദിക്കണം. അനാവശ്യമായ സമ്മര്‍ദ്ദം നല്‍കിയും അമിത പ്രതീക്ഷ വെച്ചും തളര്‍ത്തരുത്” ഗംഭീര്‍ പറഞ്ഞു.
21കാരനായ ഗില്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ മികച്ച പ്രകടനുമായി ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓസീസിനെതിരെ ആറ് ഇന്നിംഗ്സില്‍ നിന്ന് 51.8 ശരാശരിയില്‍ 259 റണ്‍സാണ് ഗില്‍ നേടിയത്. ഗാബയില്‍ 91 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാനും ഗില്ലിനായിരുന്നു.