രാഹുൽ ദ്രാവിഡിന് ശേഷം പരിശീലന കുപ്പായം അണിഞ്ഞ താരമാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. എന്നാൽ ഗംഭീർ വന്നതിൽ പിന്നെ ഇന്ത്യക്ക് മോശമായ സമയമാണ് ഉള്ളത്. ഏകദിനത്തിലും ടെസ്റ്റിലും ടീം സമ്പൂർണ പരാജയമായി തീർന്നിരിക്കുകയാണ്. ന്യുസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയും, ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇന്ത്യ നാണംകെട്ട പരാജയമാണ് സ്വന്തമാക്കിയത്. ടി-20 ഫോർമാറ്റിൽ മാത്രമാണ് ഗംഭീറിന്റെ പരിശീലനം വിജയിച്ചിട്ടുള്ളത്.
ഇതോടെ താരത്തിന് നേരെ ഒരുപാട് വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. കളിക്കളത്തിൽ പദ്ധതികൾ സജ്ജമാക്കാൻ അദ്ദേഹത്തിന് അറിയില്ലെന്നും, അഗ്രെസ്സിവ് മാത്രമേ കാണിക്കാൻ അറിയൂ എന്നും പറഞ്ഞ് വിമർശിച്ച് രംഗത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി.
മനോജ് തിവാരി പറയുന്നത് ഇങ്ങനെ:
” വിവിഎസ് ലക്ഷ്മണും സായിരാജ് ബഹുതുലെയും ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ദീർഘകാലമായി ബന്ധപ്പെട്ടിരുന്നതിനാൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ തയ്യാറായിരുന്നു. രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചപ്പോൾ അവരിൽ ഒരാൾക്ക് ടീമിൻ്റെ കമാൻഡ് ലഭിച്ചു. അതിനിടയിൽ ഗൗതം ഗംഭീർ എങ്ങനെ കടന്നുവന്നു, ആർക്കും അറിയില്ല”
മനോജ് തിവാരി തുടർന്നു:
” ഗംഭീറിന് പരിശീലകനായി വർഷങ്ങളുടെ പരിചയമില്ല. ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ ഗംഭീറിനെ തിരഞ്ഞെടുത്തതെങ്കിൽ ആ തീരുമാനം തെറ്റാണ്. ഗംഭീർ അല്ല കെകെആറിന്റെ വിജയത്തിന് കാരണം. ഒരിക്കലും ആ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകരുത്” മനോജ് തിവാരി പറഞ്ഞു.