ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. ഇതില്‍ കെ.എല്‍ രാഹുല്‍ സെഞ്ച്വറി നേടി ലോഡ്‌സിലെ ഓണേഴ്സ് ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ രോഹിത് വിദേശ മണ്ണിലെ തന്റെ ആദ്യ സെഞ്ച്വറിക്ക് 17 റണ്‍സ് മാത്രമകലെപുറത്തായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ രോഹിത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയാല്‍ എല്ലാം നേടി എന്നര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അഞ്ച് ദിനങ്ങളുടെ മത്സരമായ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയാകുമെന്ന് ആര്‍ക്കും പറയാനാവില്ല. പിച്ചില്‍ നിന്നും പന്തിന് കൂടുതല്‍ സ്വിംഗ് ലഭിക്കുമോ, പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യുമോ എന്നൊന്നും മനസിലാക്കാനാവില്ല. അതിന് കുറച്ച് സമയമെടുക്കും. അതിനായി എങ്ങനെ ഒരുക്കം നടത്തണമെന്ന് രോഹിത് കാണിച്ചുതന്നു. ഏതൊക്കെ ഷോട്ട് കളിക്കണം, കളിക്കരുത് എന്നതെല്ലാം വളരെ മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ബോളാണ് രോഹിത് വിട്ടുകളഞ്ഞത് എന്ന് നോക്കുക. കൃത്യമായ മാനസിക ക്രമീകരണം താരം നടത്തി എന്നതിന്റെ തെളിവാണ് രോഹിതിന്റെ അന്നത്തെ പ്രകടനം.’
‘ഇത്തരം ഇന്നിംഗ്സുകളിലൂടെയാണ് ഒരു താരം പ്രതീക്ഷ നല്‍കുന്നത്. ഒരിന്നിംഗ്സില്‍ 80 റണ്‍സ് ഉറപ്പായും നേടാന്‍ കഴിയുന്ന ഒരു താരം, ഈ പരമ്പര അവസാനിക്കുമ്പോഴേക്കും 450-500 റണ്‍സ് നേടിയിരിക്കും. ടീമിനായി ഇത്രയും റണ്‍സ് കണ്ടെത്തുന്ന ഒരു താരമുള്ളപ്പോള്‍ ഒരു ക്യാപ്റ്റന് ഇതിനുമുകളിലായി എന്താണ് വേണ്ടത്.’
‘ലോര്‍ഡ്സില്‍ സെഞ്ചുറി നേടാന്‍ കഴിയാത്തതില്‍ രോഹിത് നിരാശനായിരിക്കാം. എന്നാല്‍ അവിടെ സെഞ്ചുറി നേടിയാല്‍ എല്ലാം സ്വന്തമാക്കി എന്ന അര്‍ത്ഥമില്ല. നിലവിലെ രോഹിതിന്റെ ഫോം, അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി, കൂടാതെ മത്സരങ്ങളില്‍ അദ്ദേഹം നേടിയെടുക്കുന്ന മുന്‍തൂക്കം ഇവയെല്ലാം പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ വളരെയടുത്ത് തന്നെ ഒരു സെഞ്ചുറി നേടുമെന്ന് ഉറപ്പാണ്.’ ഗവാസ്‌കര്‍ പറഞ്ഞു.
‘