ആഷസ് പരമ്പരയില ആദ്യ ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ ബാറ്റര്‍ ജോഫ്രി ബോയ്‌കോട്ട്. എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ ബാറ്റും ബോളും ചെയ്യാന്‍ സ്റ്റോക്‌സ് മാന്ത്രികന്‍ ഒന്നുമല്ലെന്ന് ബോയ്‌കോട്ട് അഭിപ്രായപ്പെട്ടു. മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും താരം നിരാശപ്പെടുത്തിയിരുന്നു.
‘ബെന്‍ സ്റ്റോക്‌സ് കൂടുതല്‍ മത്സരങ്ങള്‍ നിശ്ചയമായും കളിക്കേണ്ടിയിരുന്നു. ടീമിലേക്കു മടങ്ങിയെത്തിയതോടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ സ്റ്റോക്‌സിനു വീണ്ടും കഴിഞ്ഞെങ്കിലും അയാള്‍ പാടേ നിരാശപ്പെടുത്തി. എല്ലായ്‌പ്പോഴും നന്നായി ബാറ്റു ചെയ്യാനും ബോള്‍ ചെയ്യാനും അയാള്‍ മാന്ത്രികനൊന്നുമല്ല.’
‘പരുക്കിനെ തുടര്‍ന്ന് സ്റ്റോക്‌സ് 5 മാസക്കാലം ക്രിക്കറ്റ്തന്നെ കളിച്ചിട്ടില്ല. അങ്ങനെയുള്ള സ്റ്റോക്‌സിനെയാണ് പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും നേതൃത്വം നല്‍കുന്ന ഓസീസ് ബോളിംഗ് നിരയ്‌ക്കെതിരെ ഇറക്കിയത്. മികച്ച ഫോമില്‍ ബാറ്റു ചെയ്യുന്നവര്‍ക്കു പോലും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ് കമ്മിന്‍സും ഹെയ്സല്‍വുഡും.’
‘സ്റ്റോക്‌സില്‍നിന്ന് അദ്ഭുത പ്രകടനം പ്രതീക്ഷിച്ചവര്‍ ഏറെയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റോക്‌സ് പുറത്തായ വിധം അദ്ദേഹത്തിന്റെ പരിശീലനക്കുറവിനെ എടുത്തുകാട്ടുന്നതാണ്’ ബോയ്‌കോട്ട് പറഞ്ഞു.