അവനെ ടീമില്‍നിന്ന് പുറത്താക്കി ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ വിടണം; മറ്റ് താരങ്ങളുടെ ഭാവി വെച്ചാണ് ഇന്ത്യ കളിക്കുന്നതെന്ന് മുന്‍ സെലക്ടര്‍

മോശം ഫോം തുടരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. പന്തിനെ ടീമില്‍നിന്ന് പുറത്താക്കി ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ വിടണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

മറ്റ് താരങ്ങളുടെ സാദ്ധ്യതകള്‍ വെച്ചാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പാണ് വരാന്‍ പോകുന്നത്. ഇതിനോടകം പന്തിന്റെ മോശം ഫോം നിരവധിയാളുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് തിരിച്ചുവരികയാണ് വേണ്ടത്- ശ്രീകാന്ത് പറഞ്ഞു.

പരിമിത ഓവറില്‍ ടീമിന്റെ ബാധ്യതയായി റിഷഭ് മാറിക്കഴിഞ്ഞു. പന്തിന് അധിക പരിഗണ നല്‍കുന്നതുവഴി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ വഴിയടക്കുകയാണ്. ഈ വര്‍ഷം 11 ഏകദിനം കളിച്ച റിഷഭ് 213 റണ്‍സാണ് നേടിയത്.

അതേസമയം, ഈ വര്‍ഷം 6 ഏകദിനത്തില്‍ നിന്ന് 179 റണ്‍സാണ് സഞ്ജു നേടിയത്. 66ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. എന്നിട്ടും ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.