'ഇന്ത്യ ആയിരിക്കാം ഏറ്റവും മികച്ച ടീം, കാരണം...'; ടു ടയര്‍ ടെസ്റ്റ് ഫോര്‍മാറ്റിനെതിരെ ആഞ്ഞടിച്ച് ഗ്രെയിം സ്മിത്ത്

ടു ടയര്‍ ടെസ്റ്റ് ഫോര്‍മാറ്റ് എന്ന ആശയത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് രംഗത്ത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലനന്‍ഡ് എന്നീ മുന്‍ നിര ടീമുകള്‍ കൂടുതല്‍ മത്സരങ്ങള്‍ പരസ്പരം എതിരെ കളിക്കുമെന്ന സമ്പ്രദായം അംഗീകരിക്കാനാവില്ലെന്നും ടോപ് 3 രാജ്യങ്ങളുടെ (ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്) കാഴ്ചപ്പാടില്‍ മാത്രം ശരിയായി തോന്നുന്ന ഒരു കാര്യം ഐസിസിക്ക് എങ്ങനെയാണ് നടപ്പിലാക്കാനാവുക എന്നും സ്മിത്ത് ചോദിച്ചു.

ഓസ്‌ട്രേലിയയും ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം എത്രമാത്രം മത്സരം പരസ്പരം എതിരെ കളിക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്. ഇന്ത്യ ആയിരിക്കാം ഏറ്റവും മികച്ച ടീം. കാരണം സാമ്പത്തികമായി മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ആശ്രയിക്കുന്നുണ്ട്.

എന്നാല്‍ എപ്പോഴും ഈ മൂന്ന് ടോപ് രാജ്യങ്ങള്‍ മാത്രം കളിക്കുന്നത് കണ്ടിരുന്നാല്‍ മതിയോ? ടോപ് 3 രാജ്യങ്ങളുടെ കാഴ്ചപ്പാടില്‍ മാത്രം ശരിയായി തോന്നുന്ന ഒരു കാര്യം ഐസിസിക്ക് എങ്ങനെയാണ് നടപ്പിലാക്കാനാവുക? വെസ്റ്റ് ഇന്‍ഡീസ് കരുത്തരാവാം. ശ്രീലങ്ക മെച്ചപ്പെടാം, അതൊഴിച്ചാല്‍? സ്മിത്ത് ചോദിച്ചു.

ടീമുകളെ രണ്ട് തട്ടുകളിലായി തിരിച്ച് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതാണ് പുതിയ രീതി. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്വെ തുടങ്ങിയ മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടും

ഈ ഫോര്‍മാറ്റില്‍ ടോപ്പ്-ടയര്‍ ടീമുകള്‍ പരസ്പരം മത്സരിക്കുന്നതിനൊപ്പം ലോവര്‍-ടയര്‍ ടീമുകള്‍ അവരുടെ ഡിവിഷനില്‍ മാത്രവും ഏറ്റുമുട്ടും. മത്സര ഫലങ്ങള്‍ക്കനുസരിച്ച് ടീമുകളെ തലങ്ങളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്‌തേക്കുമെന്നാണ് മനസിലാക്കുന്നത്.