ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന അക്ഷര്‍ പട്ടേലിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ടീമിലെത്തിയ അക്‌സര്‍ ഇതിനകം തന്നെ മികച്ച പ്രകടനം നടത്തിയെന്നും ഇനി അല്‍പം വിശ്രമിക്കാമെന്നും സ്വാന്‍ തമാശയായി പറഞ്ഞു.
“അക്‌സര്‍ പട്ടേലിന്റെ ഇതുവരെയുള്ള പ്രകടനം കണ്ടപ്പോള്‍ ഇനിയൊരാഴ്ച അദ്ദേഹം ലീവില്‍ പോവുന്നതാണ് നല്ലതെന്നു തോന്നുന്നു. ജഡേജ ഇനി മടങ്ങിയെത്തിയാല്‍ വേണമെങ്കില്‍ ഇന്ത്യക്കോ, ഇംഗ്ലണ്ടിനോ വേണ്ടി കളിക്കാം. കാരണം അക്ഷര്‍ അത്രയുമധികം രണ്ടു ടെസ്റ്റുകളില്‍ തന്നെ ചെയ്തു കഴിഞ്ഞു” സ്വാന്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലൂടെയാണ് അക്‌സര്‍ ഇന്ത്യക്കായി അരങ്ങറിയത്. ഏഴു വിക്കറ്റുകളുമായി അരങ്ങേറ്റം ഗംഭീരമാക്കിയ അക്‌സര്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടി തന്റെ സ്ഥാനം ഭദ്രമാക്കി. കരിയറിലെ രണ്ടു ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 18 വിക്കറ്റുകളാണ് അക്‌സറിന്റെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്.
Read more
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ജഡേജയ്ക്ക് പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ടിനെതിരായ ടീമിലേക്ക് അക്‌സര്‍ എത്തിയത്. കിട്ടിയ അവസരം ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മുതലാക്കുന്ന അക്‌സറിനെയാണ് ക്രിക്കറ്റ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്.