ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിനിടെ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലുമായുളള ചാറ്റിനിടെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മത്സരത്തില്‍ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സറിന് ടോസ് നഷ്ടമായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉടനെ ടോസിന് ശേഷം എന്താണ് നിങ്ങള്‍ ചിന്തിക്കുന്നതെന്നും ആദ്യം ബാറ്റിങ്ങ് ചെയ്യുന്നതിനെ കുറിച്ചും രവി ശാസ്ത്രി അക്‌സറിനോട് ചോദിച്ചു.
ഇതിന് മറുപടിയായി സത്യം പറഞ്ഞാല്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. അതിനാല്‍ ഇത് നല്ലൊരു ടോസ് തോല്‍വിയായിരുന്നു. കാലാവസ്ഥയാണ് എനിക്ക് എന്തുചെയ്യണമെന്ന് ഉറപ്പില്ലാത്തതിന്റെ പ്രധാന കാരണം. പക്ഷേ അതെ ഇപ്പോള്‍ ഒരു നല്ല സ്‌കോര്‍ നേടാനും എതിര്‍ടീമിന് സമ്മര്‍ദം ചെലുത്താനും ഞങ്ങള്‍ നോക്കും, അക്‌സര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് രവി ശാസ്ത്രിയുടെ പ്രതികരണം വന്നത്. “ഇവിടുത്തുകാരന്‍ ആയിട്ടും ഈ ഗ്രൗണ്ട് നല്ല പരിചയമുണ്ടായിട്ടും അക്‌സര്‍ പറയുന്നു അവന്‍ ആശയക്കുഴപ്പത്തിലാണെന്ന്. അപ്പോള്‍ അത് മറ്റെല്ലാവര്‍ക്കും നല്ല ലക്ഷണമല്ല, ശാസ്ത്രി പറഞ്ഞു. ഇത് കേട്ട് അക്‌സറിന് ചിരി പൊട്ടുകയായിരുന്നു.
അതേസമയം ആദ്യ ബാറ്റിങ്ങില്‍ 100 റണ്‍സ് പിന്നിട്ടപ്പോള്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. കരുണ്‍ നായരും അഭിഷേക് പോറലുമാണ് ഇന്ന് ഓപ്പണ്‍ ചെയ്തത്. അഭിഷേക് പോറലാണ് ആദ്യം പുറത്തായത്. 18 റണ്‍സോടെയാണ് മടക്കം. കരുണ്‍ നായര്‍ ഇന്ന് 31 റണ്‍സെടുത്തു. രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്‌സ്. കെഎല്‍ രാഹുല്‍ ഇന്ന് മിന്നല്‍ ബാറ്റിങ് പുറത്തെടുത്തെങ്കിലും 28 റണ്‍സെടുത്ത ശേഷം പുറത്തായി. നിലവില്‍ നായകന്‍ അക്‌സര്‍ പട്ടേലും ട്രിസ്റ്റന്‍ സ്റ്റബ്‌സുമാണ് ഡല്‍ഹിക്കായി ക്രീസിലുളളത്.