ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

ബംഗ്ലാദേശിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ സഞ്ജു സാംസണ്‍ ഒരു നല്ല ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റും കണ്ടിരുന്നു. പക്ഷേ ചിലര്‍ സഞ്ജുവിനെ പഴിക്കുന്നുണ്ട്. ”സഞ്ജു പതിവുപോലെ വിക്കറ്റ് വലിച്ചെറിഞ്ഞു” എന്നാണ് അവരുടെ വിമര്‍ശനം.

സഞ്ജുവിനെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായതിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ റണ്‍ചേസ് മുഴുവനും കണ്ടവര്‍ക്ക് ഒരു കാര്യം ബോദ്ധ്യമായിട്ടുണ്ടാവും. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടാനാണ് നീലപ്പട ശ്രമിച്ചത്. എല്ലാ ബാറ്റര്‍മാരും ആദ്യപന്ത് മുതല്‍ക്ക് തന്നെ ആക്രമണം തുടങ്ങി. അതും നല്ല റിസ്‌കുള്ള ഷോട്ടുകള്‍!

ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ ഓര്‍മ്മിപ്പിക്കുന്ന അറ്റാക്കിങ്ങ് ഗെയ്മാണ് ഇന്ത്യ കളിക്കുന്നത്. അത്തരമൊരു ടീം 40 പന്തുകളില്‍ നിന്ന് ഫിഫ്റ്റി പൂര്‍ത്തിയാക്കുന്ന ബാറ്ററെ അംഗീകരിക്കില്ല. ടീമിന്റെ സമീപനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇന്നിംഗ്‌സാണ് സഞ്ജു പുറത്തെടുത്തത്.

18 പന്തുകള്‍ നേരിട്ടപ്പോഴേയ്ക്കും സഞ്ജു 29 റണ്ണുകളില്‍ എത്തിയിരുന്നു. ടി-20 ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ക്ക് നിലയുറപ്പിക്കാന്‍ അതിലേറെ സമയം എടുക്കാനാവില്ല. തുടര്‍ന്നുള്ള ഘട്ടത്തില്‍ സ്‌ട്രൈക്ക് റേറ്റ് വര്‍ദ്ധിപ്പിക്കുക എന്ന ഉത്തരവാദിത്തം സഞ്ജുവിന് ഉണ്ടായിരുന്നു. അങ്ങനെയാണ് അയാള്‍ ഐ.പി.എല്ലില്‍ വലിയ സ്‌കോറുകള്‍ നേടിയിട്ടുള്ളതും. ബംഗ്ലാദേശിനെതിരെ ഭാഗ്യം തുണച്ചില്ല എന്ന് മാത്രം.
കഴിഞ്ഞുപോയ ടി-20 ലോകകപ്പിലെ പരിശീലന മത്സരം ഓര്‍മ്മയില്ലേ? ബംഗ്ലാദേശിന്റെ ഷൊരിഫുള്‍ ഇസ്ലാം ഒരു ഇന്‍സ്വിംഗറിലൂടെ സഞ്ജുവിനെ വിക്കറ്റിനുമുന്നില്‍ കുടുക്കിയിരുന്നു. ഗ്വാളിയോറിലും ഷൊരിഫുള്‍ ഇന്‍സ്വിംഗറുകള്‍ എറിഞ്ഞു. ഇത്തവണ സഞ്ജു കെണിയില്‍ വീണില്ല. പകരം ഉജ്ജ്വലമായ സ്‌ട്രെയിറ്റ് ഡ്രൈവും ഓഫ് ഡ്രൈവും കളിച്ചു. പിഴവുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള പക്വത സഞ്ജുവിന് ഇല്ല എന്ന് ആരോപിക്കുന്നവര്‍ കാണേണ്ട ഷോട്ടുകള്‍!

ഷൊരിഫുളിനെതിരെ സഞ്ജു ഒരു ലോഫ്റ്റഡ് കവര്‍ഡ്രൈവും പായിക്കുകയുണ്ടായി. സ്ലോബോളുകളെ തിരിച്ചറിയാനുള്ള അയാളുടെ കഴിവാണ് അവിടെ പ്രകടമായത്. സഞ്ജുവിനെതിരെ മുസ്താഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ പന്ത് മിഡ്-വിക്കറ്റിലൂടെ പാഞ്ഞപ്പോള്‍ കമന്റേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു-
”ഫിസ് ഒരു നല്ല പന്താണ് എറിഞ്ഞത്. അതിനെ ആ പ്രദേശത്തിലൂടെ അപ്രത്യക്ഷമാക്കാന്‍ സഞ്ജുവിന് എങ്ങനെ കഴിഞ്ഞു…!?’

കഴിഞ്ഞ ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്ന റിഷാദ് ഹൊസെയ്‌നെതിരെ സഞ്ജു കളിച്ച ബാക്ക്ഫൂട്ട് പഞ്ച് നോക്കുക. ഡീപ് കവറില്‍ ഫീല്‍ഡര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഒരു സര്‍ജന്റെ കൃത്യതയോടെ സഞ്ജു ബൗണ്ടറിയിലേക്കുള്ള പഴുത് കണ്ടെത്തി!

സൂര്യകുമാര്‍ യാദവ് ക്രിക്കറ്റ് പന്തിനെ തല്ലിത്തുരത്തുമ്പോള്‍ സഞ്ജു അതിനെ തഴുകി വിടുകയായിരുന്നു. പക്ഷേ സട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സഞ്ജു സൂര്യയേക്കാള്‍ ഒത്തിരിയൊന്നും പുറകിലായിരുന്നില്ല.
അതാണ് സഞ്ജു സാംസണ്‍. അയാളുടെ കഴിവിന്റെ പത്ത് ശതമാനം പുറത്ത് വന്നാല്‍പ്പോലും ക്രിക്കറ്റ് ലോകം വിസ്മയിച്ച് നില്‍ക്കും. അപ്പോള്‍ സഞ്ജുവിന്റെ മുഴുവന്‍ പ്രതിഭയും ഉപയോഗിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി!? സഞ്ജുവിന്റെ മുഴുവന്‍ കഴിവും നമുക്ക് കാണാനാകും. പക്ഷേ അതിന് മതിയായ അവസരങ്ങള്‍ നല്‍കണം.

സഞ്ജു അവസരങ്ങള്‍ പാഴാക്കിയതിനെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാല്‍ അയാള്‍ക്ക് തുടര്‍ച്ചയായ എത്ര അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്? സ്ഥിരമായ ഒരു പൊസിഷനെങ്കിലും സഞ്ജുവിന് നല്‍കിയിരുന്നുവോ?
2015-ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ആദ്യത്തെ ടി-20 കളിച്ചത്. പിന്നീട് ആ ഫോര്‍മാറ്റില്‍ അവസരം കിട്ടിയത് 2020-ലാണ്! അതിനിടയില്‍ 73 മാച്ചുകളാണ് സഞ്ജുവിന് നഷ്ടപ്പെട്ടത്! ഇത്ര നിര്‍ഭാഗ്യവാനായ മറ്റൊരു ബാറ്റര്‍ ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ ഇല്ല.

സഞ്ജുവിന് വേണ്ടത് ടീം മാനേജ്‌മെന്റിന്റെ പിന്തുണയാണ്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാലും ടീമില്‍നിന്ന് പുറത്താക്കില്ല എന്ന ഉറപ്പാണ് സഞ്ജു കൊതിക്കുന്നത്. സൂര്യകുമാറും ഗംഭീറും അത് നല്‍കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും. ഗ്വാളിയോറില്‍ കണ്ടത് സാമ്പിള്‍ മാത്രം!

Latest Stories

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു