ഇന്ത്യ സെമിയില്‍ പുറത്തായ 2019 ലോക കപ്പ് ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് സൂചിപ്പിച്ച ശാസ്ത്രി റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നെന്നും പറഞ്ഞു.
‘ലോക കപ്പിലേക്കായി മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്തതിനോട് ഞാന്‍ യോജിക്കില്ല. പകരം റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു. എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെ ഒരുമിച്ച് ടീമില്‍ എടുക്കുന്നതിന്റെ ലോജിക് എന്താണ്? ഞാന്‍ ഒരിക്കലും സെലക്ടര്‍മാരുടെ ജോലിയില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികരണം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നല്‍കിയിട്ടുണ്ട്’ രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ ബിസിസിഐയിലെ ചിലര്‍ ശ്രമിച്ചുവെന്നും ശാസ്ത്രി ആരോപിച്ചു. ‘ബിസിസിഐയിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ പ്രശ്നക്കാരായിരുന്നു. വലിയ വിവാദത്തിനു ശേഷമാണ് ഞാന്‍ രണ്ടാമത് കോച്ചായത്.’
‘എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ അത് ഇളിഭ്യരാക്കി. മറ്റാരെയോ കോച്ചാക്കാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമ്പതു മാസത്തിനു ശേഷം, വലിച്ചെറിഞ്ഞ വ്യക്തിയെ തേടി അവര്‍ വീണ്ടുമെത്തി’ ശാസ്ത്രി പറഞ്ഞു.