അവനെ തൂക്കിയെടുത്ത് പുറത്ത് കളഞ്ഞാൽ ടീം രക്ഷപെടും, എന്നിട്ട് ആ ചെക്കൻ വരണം; ഇന്ത്യൻ താരത്തെക്കുറിച്ച് ബാസിത് അലി

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ സീനിയർ ബാറ്റർ കെഎൽ രാഹുലിന് ടീം ഇന്ത്യ വിശ്രമം നൽകണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. ഫിറ്റ്നാണെങ്കിൽ ടോപ്പ് ഓർഡർ ബാറ്റർ ശുഭ്മാൻ ഗില്ലിനെ രാഹുലിന് പകരം ഇറക്കണം എന്നും അലി പറഞ്ഞു. 150 റൺസിൻ്റെ മിന്നുന്ന പ്രകടനത്തിന് ശേഷം സർഫറാസ് ഖാൻ ടീമിൽ തന്നെ ഉണ്ടാകണം എന്നും അദ്ദേഹത്തെ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും അലി പറഞ്ഞു.

ഹോം ടെസ്റ്റുകളിൽ രാഹുലിൻ്റെ പ്രകടനം മികച്ചത് അല്ലെന്ന് ബാസിത് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് അദ്ദേഹത്തെ ബെഞ്ചിലിരുത്തേണ്ട സമയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാസിത് അലി തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഇങ്ങനെ പറഞ്ഞു

“ശുബ്മാൻ ഗിൽ ഫിറ്റായിക്കഴിഞ്ഞാൽ, സർഫറാസ് ഖാനോട് ഒരു അനീതിയും ഉണ്ടാകരുത്. കെ എൽ രാഹുലിന് ഇപ്പോൾ വിശ്രമം നൽകണം. ആളുകൾക്ക് രാഹുലിൻറെ കഴിവ് നന്നായിട്ട് അറിയാം. പക്ഷെ ആ കഴിവിനൊത്ത് അവൻ പ്രകടനം നടത്തിയിട്ടില്ല. അദ്ദേഹത്തെ അതിനാൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കണം.”

“രാഹുലിനെ സംബന്ധിച്ച് പന്തും സർഫ്രാസും പുറത്തായതിന് ശേഷം ഉത്തരവാദിത്വം കാണിക്കേണ്ടത് ആയിരുന്നു . എന്നാൽ അത് ഉണ്ടായില്ല. നിരാശപ്പെടുത്തുന്ന കാര്യമാണ് അത്.”

രാഹുലിനെ പുറത്താക്കണം എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി വരുന്നുണ്ട്.

Read more