രഞ്ജി ട്രോഫിയില്‍ കൈയ്ക്ക് ഗുതുതര പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങി ഇന്ത്യന്‍ താരവും ആന്ധ്രാ പ്രദേശ് നായകനുമായ ഹനുമ വിഹാരി. മധ്യപ്രദേശ് പേസര്‍ ആവേഷ് ഖാന്‍ ബൗണ്‍സറേറ്റാണ് വിഹാരിയുടെ ഇടത്തേ കൈക്കുഴയ്ക്ക് പരിക്കേറ്റത്. ഇതോടെ 37 പന്തില്‍ 16 റണ്‍സുമായി വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി.
എന്നാല്‍ താരം വീണ്ടും പരിക്ക് വകവയ്ക്കാതെ ബാറ്റിംഗിനിറങ്ങി. വലംകൈയനായ താരം രണ്ടാം വരവില്‍ ഇടങ്കയ്യനായാണ് ബാറ്റ് ചെയ്തത്. പരിക്കേറ്റ ഇടത് കൈക്കുഴ സംരക്ഷിക്കാനാണ് താരം ഇടങ്കയ്യനായിട്ട് ഇറങ്ങിയത്. പോരാത്തതിന് ഒരു കൈകൊണ്ടാണ് താരം ബാറ്റ് ചെയ്തത്.
വിഹാരിക്ക് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ ബാറ്റിംഗിനെത്തുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ നിര്‍ണായക ഘട്ടത്തില്‍ താരത്തിന് ഇറങ്ങേണ്ടതായി വരികയായിരുന്നു. മത്സരത്തില്‍ താരം 57 ബോളില്‍ 27 റണ്‍സെടുത്തു.
മത്സരത്തില്‍ റിക്കി ഭൂയിയുടെയും (149) കരണ്‍ ഷെന്‍ഡെയുടെയും (110) സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിംഗില്‍ ആന്ധ്ര 379 റണ്‍സെടുത്തു. മറുപടയില്‍ ഒന്നാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് 2 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്.