"അങ്ങനെ തീരുന്ന ആളല്ല അത്..., തലയറുത്തിട്ടാല്‍ കൂടും.. അതാ ഇനം"; അയാള്‍ ഒരു പ്രചോദനമാണ്!

ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഓമനപ്പേരുണ്ട്-റെയിന്‍ബോ നേഷന്‍. ബാര്‍ബഡോസില്‍ അവര്‍ മഴവില്ലഴകുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഹെന്‍ റിച്ച് ക്ലാസന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു! 24 പന്തുകളില്‍നിന്ന് 26 റണ്ണുകള്‍ മാത്രമാണ് പ്രോട്ടിയാസിന് വേണ്ടിയിരുന്നത്. ക്ലാസനും കില്ലര്‍ മില്ലറും ക്രീസില്‍ നില്‍ക്കുമ്പോള്‍ ആ ലക്ഷ്യം നിസ്സാരമായിരുന്നു.

രോഹിത് തന്റെ ഓള്‍റൗണ്ടറുടെ കൈവശം പന്ത് ഏല്‍പ്പിച്ചു. കഴിഞ്ഞുപോയ ഐ.പി.എല്ലില്‍ ഇന്ത്യന്‍ ഫാന്‍സ് കൂവലുകള്‍ കൊണ്ട് മൂടിയ ഒരാളെ! പേര് ഹാര്‍ദ്ദിക് പാണ്ഡ്യ! സ്വന്തം ബാറ്റിനടുത്ത് പിച്ച് ചെയ്ത പന്തുകളെല്ലാം ക്ലാസന്‍ ഗാലറിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹാര്‍ദ്ദിക് അത് മനസ്സിലാക്കി ബോള്‍ ചെയ്തു. സ്ലോ & വൈഡ്! ക്ലാസന്‍ ഋഷഭ് പന്തിന്റെ കരങ്ങളില്‍ അടുത്ത ഊഴം ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിങ്ങിനും ആയിരുന്നു. 142 കിലോമീറ്റര്‍ വേഗതയുള്ള ഒരു ഇന്‍സ്വിംഗര്‍ കൊണ്ട് ബുംറ മാര്‍ക്കോ യാന്‍സന്റെ ലെഗ്സ്റ്റംമ്പ് പിഴുതു! പത്തൊമ്പതാം ഓവറില്‍ അര്‍ഷ്ദീപ് 4 റണ്‍സ് മാത്രം വഴങ്ങി!

ഹാര്‍ദ്ദിക്കിന്റെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 16 റണ്ണുകള്‍ ആവശ്യമായി വന്നു. ആ സമയത്താണ് സൂര്യകുമാര്‍ യാദവിന്റെ അവിശ്വസനീയമായ ക്യാച്ച് വന്നത്! ബൗണ്ടറിയ്ക്കരികില്‍ ക്യാച്ച് ചെയ്യുന്നു! പന്ത് ഉയര്‍ത്തി എറിഞ്ഞ് ലൈന്‍ കടക്കുന്നു! വീണ്ടും മൈതാനത്തിലേയ്ക്ക് ചാടി പന്ത് കൈപ്പിടിയില്‍ ഒതുക്കുന്നു! സൂര്യ മില്ലറിന്റെ അന്തകനായി. അപ്പോഴും കാര്യങ്ങള്‍ അവസാനിച്ചിരുന്നില്ല. ഇടംകൈ ബാറ്റര്‍ ആയ കഗീസോ റബാഡയെ സഹായിക്കുന്ന കാറ്റ് ബ്രിഡ്ജ്ടൗണില്‍ വീശുന്നുണ്ടായിരുന്നു. ലെഗ്‌സൈഡിലേയ്ക്ക് ഒരു ആവറേജ് ഹിറ്റ് വന്നാല്‍ പോലും പന്ത് സ്റ്റാന്‍ഡ്‌സില്‍ പതിക്കുമായിരുന്നു!

പക്ഷേ ഹാര്‍ദ്ദിക് അതിന് അനുവദിച്ചില്ല. അയാള്‍ ഓഫ്സ്റ്റംമ്പിന് പുറത്തൊരു കെണിയൊരുക്കി. റബാഡ ലോങ്ങ്-ഓഫില്‍ പിടികൊടുത്തു! അവസാനം ഇന്ത്യ ജയിച്ചു! ആ സമയത്ത് ‘ഷോമാന്‍’ എന്ന് വിളിക്കപ്പെടുന്ന ഹാര്‍ദ്ദിക് വിതുമ്പി. സാവകാശം അയാള്‍ ഇന്ത്യന്‍ പതാക കൈയ്യിലെടുത്തു. നാസര്‍ ഹുസൈന് ഒരു അഭിമുഖം നല്‍കി. അപ്പോഴും ഹാര്‍ദ്ദിക്കിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു!

ഒരു മനുഷ്യനും സഹിക്കാനാവാത്ത കാര്യങ്ങളാണ് ഹാര്‍ദ്ദിക് ഐ.പി.എല്ലില്‍ നേരിട്ടത്. മുംബൈയിലെ വാംഖഡേ സ്റ്റേഡിയം ഹാര്‍ദ്ദിക്കിന്റെ ഹോം ഗ്രൗണ്ടായിരുന്നു. അവിടെപ്പോലും അയാള്‍ കൂവലുകള്‍ കേട്ടു! നായകസ്ഥാനത്ത് രോഹിതിന് പകരം ഹാര്‍ദ്ദിക്കിനെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലായിരുന്നു.

കെവിന്‍ പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടിരുന്നു- ”ഈ കൂവല്‍ ഹാര്‍ദ്ദിക്കിന്റെ കുടുംബത്തെ വരെ ബാധിക്കും. കളിയില്‍ നിന്ന് വിരമിച്ചാലും ഈ അപമാനം ഹാര്‍ദ്ദിക് മറക്കില്ല….!” ഇന്ത്യയിലെ മൈതാനങ്ങളുടെ മദ്ധ്യഭാഗത്ത് നിന്ന് ഹാര്‍ദ്ദിക് ജീവനോടെ ദഹിച്ചു! പക്ഷേ കരീബിയന്‍ ദ്വീപുകളില്‍ വെച്ച് അയാള്‍ ഉയരത്തില്‍ പറന്നു!

ചിലപ്പോള്‍ ലോകം മുഴുവനും നമ്മുടെ എതിര്‍പക്ഷത്ത് നിന്നേക്കാം. പക്ഷേ ആത്മവിശ്വാസം കൈവിടാതിരിക്കണം. അപ്പോള്‍ കൊക്കയില്‍ നിന്ന് കരകയറാനും നമുക്ക് കഴിയും! ഹാര്‍ദ്ദിക് അതാണ് തെളിയിക്കുന്നത്
ഒരു അഭിമുഖത്തില്‍ ഹാര്‍ദ്ദിക് മനസ്സ് തുറന്നിരുന്നു- ”എന്റെ ബാല്യത്തില്‍ ഞാന്‍ ഒരിക്കലും നല്ല ഭക്ഷണം കഴിച്ചിട്ടില്ല. അതിന് പണം വേണമല്ലോ. 5 രൂപ കൊടുത്താല്‍ ഒരു പ്ലേറ്റ് നിറയെ നൂഡില്‍സ് ലഭിക്കും. മിക്കപ്പോഴും അതായിരുന്നു എന്റെ ഭക്ഷണം..!”

ഹാര്‍ദ്ദിക് ഒരു പ്രചോദനമാണ്. ഏതൊരു സാധാരണക്കാരനും ലോകത്തിന്റെ ഉച്ചിയില്‍ എത്താന്‍ സാധിക്കും എന്ന പാഠം. പണ്ട് ഹാര്‍ദ്ദിക്കിന് ഒരു ബാക്ക് ഇഞ്ച്വറി സംഭവിച്ചിരുന്നു. അയാളുടെ കരിയര്‍ തന്നെ തുലാസിലാക്കിയ സംഭവം. അന്ന് ഇന്ത്യയുടെ പരിശീലകനായിരുന്ന രവി ശാസ്ത്രി ഓര്‍മ്മിക്കുന്നുണ്ട്- ”ഹാര്‍ദ്ദിക്കിനെ ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുവന്നത് സ്‌ട്രെച്ചറിലായിരുന്നു. ഡ്രെസ്സിങ്ങ് റൂമില്‍ അപ്പോള്‍ പിന്‍ഡ്രോപ് സൈലന്‍സായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഹാര്‍ദ്ദിക് മെഡിക്കല്‍ റൂമില്‍ കിടന്നു. അയാളുടെ തല മാത്രമേ അപ്പോള്‍ ചലിക്കുന്നുണ്ടായിരുന്നുള്ളൂ!” ആ അവസ്ഥയില്‍ നിന്നാണ് ഹാര്‍ദ്ദിക് തിരിച്ചുവന്നത്. ദേവാസുരത്തിലെ ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്- ”അങ്ങനെ തീരുന്ന ആളല്ല അത്. തലയറുത്തിട്ടാല്‍ കൂടും. അതാ ഇനം…”

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍