ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. 2026ലെ ടി20 ലോകകപ്പ് വരെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കണമെന്നാണ് ഗൗതം ഗംഭീറും അഗാര്‍ക്കറും ആഗ്രഹിക്കുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീരുമാനങ്ങള്‍ എടുക്കുന്നവര്‍ ദീര്‍ഘകാല സ്ഥിരതയ്ക്കായി നോക്കുകയാണ്. ഗൗതമും അജിത്തും ഇതിനകം ഹാര്‍ദിക്കിനോട് തീരുമാനം വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകനായിരുന്നു പാണ്ഡ്യ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പരിക്ക് 2024 ലെ ആഗോള ടൂര്‍ണമെന്റിലേക്ക് രോഹിത് ശര്‍മ്മയെ തിരികെ കൊണ്ടുവരാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള കൂട്ടുകെട്ടില്‍ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് സൂര്യകുമാര്‍ യാദവ് കളിച്ചത്. ഏതാനും വര്‍ഷം കെകെആറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു യാദവ്.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഏഴ് ടി20 മത്സരങ്ങളില്‍ സൂര്യകുമാറാണ് ഇന്ത്യയെ നയിച്ചത്. താരത്തിന്റെ നായകത്വത്തില്‍ ഇന്ത്യ 4-1 ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 1-1 ന് അവസാനിച്ചു.