IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഏഴ് വിക്കറ്റ് ജയത്തോടെ തുടര്‍ച്ചയായ നാലാം വിജയവുമായി മുന്നേറുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇന്നലത്തെ വിജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് എത്താനും അവര്‍ക്ക് സാധിച്ചു. ആദ്യ ബാറ്റിങ്ങില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറിലാണ് മുംബൈ മറികടന്നത്. രോഹിത് ശര്‍മ്മയും (70), സൂര്യകുമാര്‍ യാദവും (40) ഇത്തവണയും തിളങ്ങിയതോടെയാണ് ഹൈദരാബാദിനെതിരെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമായത്. മുന്‍പ് ലീഗില്‍ അവസാന സ്ഥാനക്കാരായിരുന്ന മുംബൈ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

തുടര്‍ച്ചയായ വിജയത്തിലും ടീമിന്റെ മൊത്തത്തിലുളള പ്രകടനത്തിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മനസുതുറന്നിരുന്നു. ഞങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി വിജയങ്ങള്‍ ഉണ്ടാവുന്നതില്‍ സന്തോഷമെന്ന് ഹാര്‍ദിക് പാണ്ഡ്യ പറയുന്നു. ടീമംഗങ്ങള്‍ ശരിയായ രീതിയില്‍ കളിക്കുന്നതില്‍ സന്തോഷം. രോഹിത്, ദീപക്, സ്‌കൈ, ബോള്‍ട്ട് തുടങ്ങി എല്ലാവരും നന്നായി കളിക്കാന്‍ തുടങ്ങിയാല്‍ മത്സരത്തില്‍ ഞങ്ങള്‍ക്ക് സമ്പൂര്‍ണ ആധിപത്യമായിരിക്കും. മൊത്തത്തില്‍ ഒരു അത്ഭുതകരമായ വിജയമായിരിക്കും, പാണ്ഡ്യ പറഞ്ഞു.

ഹൈദരാബാദിനെതിരെ അവരുടെ ഹോംഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. ആദ്യ ബാറ്റിങ്ങില്‍ തുടക്കത്തിലേ പ്രധാന ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം തന്നെ പവര്‍പ്ലേ ഓവര്‍ കഴിയുംമുന്‍പേ തന്നെ പുറത്തായി. തുടര്‍ന്ന് ഹെന്റിച്ച് ക്ലാസന്‍(71), അഭിനവ് മനോഹര്‍(43) തുടങ്ങിയവരാണ് ടീമിനെ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.