ലോണടയ്ക്കാനായില്ല; ഹാര്‍ദിക് പാണ്ഡ്യ തന്റെ കാറിനോട് ചെയ്തത് ഇതാണ്

ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലായിരുന്നു ലോണ്‍ അടയ്ക്കാന്‍ കഴിയാതെ വര്‍ഷങ്ങളോളം തന്റെ കാര്‍ ബാങ്ക് അധികൃതര്‍ കാണാതെ ഒളിപ്പിച്ചുവച്ച കഥ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ പങ്കുവച്ചു.

എനിക്ക് പതിനേഴും സഹോദരന്‍ കൃണാലിന് പത്തൊന്‍പതും വയസ്സായിരുന്നു അന്ന് പ്രായം. ആരുടെയും സഹതാപം ആവശ്യമില്ലെന്ന് ഞങ്ങള്‍ അച്ഛനോട് പറഞ്ഞിരുന്നു. ഞങ്ങളെ ടീമിലെടുക്കാന്‍ ശുപാര്‍ശയുമായി ആരുടെയും അടുത്ത് അച്ഛന്‍ പോകുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഞങ്ങള്‍ കളിക്കുകയാണെങ്കില്‍ അത് ഞങ്ങളുടെ കഴിവുകൊണ്ടായിരിക്കണം. ഇല്ലെങ്കില്‍ കളിക്കില്ല. അത്രതന്നെ.

ഞങ്ങള്‍ അവസരം നല്‍കിയതുകൊണ്ടാണ് ഇവര്‍ ഈ നിലയിലെത്തിയതെന്ന് ആരെ കൊണ്ടും പറയിപ്പിക്കരുതെന്ന് ഉണ്ടായിരുന്നു. തീര്‍ച്ചയായും ഞങ്ങളെ സഹായിച്ചവരുണ്ടായിരുന്നു. എന്റെ പരിശീലകന്‍ അത്തരത്തില്‍ ഒരാളായിരുന്നു. അതിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട്. എന്നാല്‍, ഞങ്ങളുടെ വിജയത്തിന്റെ യഥാര്‍ഥ കാരണം കളിക്കളത്തില്‍ ഞങ്ങള്‍ നടത്തിയ കഠിനാധ്വാനം തന്നെയാണ്.

എന്നാല്‍, തുടക്കത്തില്‍ മൂന്ന് വര്‍ഷം ഒരു ചില്ലിക്കാശ് പോലുമില്ലാതെ ഞങ്ങള്‍ ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അധികം പേര്‍ക്കൊന്നും ഇക്കാര്യം അറിയുമായിരുന്നില്ല. അഞ്ചോ പത്തോ രൂപ സമ്പാദിക്കുക എന്നത് പോലും വലിയ വിഷയമായിരുന്നു ഞങ്ങള്‍ക്ക്. സയ്യിദ് മുഷ്താഫ് അലി ടൂര്‍ണമെന്റില്‍ എനിക്കും കൃണാലിനും എഴുപതിനായിരം രൂപ വീതം ലഭിച്ചു. ഈ പണം കൊണ്ട് കുറച്ചു കാലം പിടിച്ചുനില്‍ക്കാം എന്നാണ് ഞാന്‍ സഹോദരനോട് പറഞ്ഞത്.

രണ്ടു വര്‍ഷത്തേയ്ക്ക് കാറിന്റെ വായ്പയുടെ ഇ.എം.ഐ. അടയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകാതിരിക്കാന്‍ അക്കാലത്ത് ഞങ്ങള്‍ കാര്‍ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. അന്ന് ഞങ്ങള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ഈ കാറിന്റെ ഇ.എം.ഐ. അടയ്ക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണ് ഉപയോഗിച്ചിരുന്നത്. മറ്റൊന്നിനും ആ പണം തികയുമായിരുന്നില്ലെന്നും പാണ്ഡ്യ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ദൈവം കരുണാമയനാണ്. എന്റെ ആദ്യ വര്‍ഷം തന്നെ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായി. എനിക്ക് അമ്പത് ലക്ഷം രൂപയുടെ ചെക്ക് ലഭിക്കുകയും ചെയ്തു. ഈ കാശ് ഉപയോഗിച്ച് പഴയ കാറിന്റെ ലോണ്‍ പൂര്‍ണമായി തിരിച്ചടച്ച് പുതിയൊരു കാര്‍ വാങ്ങി. മൂന്ന് മാസം മുന്‍പ് പണത്തിനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു ഞങ്ങള്‍. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എന്റെ കീശയില്‍ അമ്പത്-അറുപത് ലക്ഷം രൂപ വന്നു-പാണ്ഡ്യ പറഞ്ഞു.