അരങ്ങേറ്റത്തില്‍ ദയകാണിക്കാതെ മുന്‍ സഹതാരം, നാണക്കേടിന്റെ റെക്കോഡില്‍ ഹര്‍ഷിത് റാണ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണ നാണക്കേടിന്റെ റെക്കോഡില്‍. അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളറെന്ന നാണക്കേടാണ് താരത്തിന്റെ തലയിലായത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഹതാരമായിരുന്നു ഫില്‍ സാള്‍ട്ടാണ് യുവതാരത്തിന് നാണക്കേട് സമ്മാനിച്ചത്.

അരങ്ങേറ്റ മത്സരത്തിലെ തന്റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ മെയ്ഡിനാക്കിയ തിരിച്ചുവന്ന ഹര്‍ഷിത് റാണക്കെതിരെ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചു. ഹര്‍ഷിത് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയാണ് ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചത്.

26 പന്തില്‍ 43 റണ്‍സടിച്ച ഫില്‍ സാള്‍ട്ട് റണ്ണൗട്ടയതിന് പിന്നാലെ ഡക്കറ്റിന്റെ (29 പന്തില്‍ 33) വിക്കറ്റെടുത്ത ഹര്‍ഷിത് അരങ്ങേറ്റ മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ആ ഓവറില്‍ തന്നെ ഹാരി ബ്രൂക്കിനെയും (0) കെഎല്‍ രാഹുലിന്റെ കൈയിലെത്തിച്ച് രണ്ടാമത്തെ വിക്കറ്റും താരം സ്വന്തമാക്കി.

ഇന്ത്യക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 31 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിട്ടുണ്ട്. 49 റണ്‍സുമായി ജോസ് ബട്ടലറും 18 റണ്‍സുമായി ജോക്കബ് ബഥേലുമാണ് ക്രീസില്‍.

Read more