ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷം തന്റെ ക്യാച്ചിംഗ് കഴിവുകളെ ചൊല്ലി ആരാധകന്റെ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, എങ്ങനെ ക്യാച്ച് ചെയ്യാമെന്ന് പഠിക്കാന്‍ ആരാധകന്‍ ഹസനെ ക്ഷണിച്ചു, ഇത് ക്രിക്കറ്റ് താരത്തിന്റെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി.
മത്സര ശേഷം ആരാധകര്‍ക്കടുത്തെത്തി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുമ്പോഴായിരുന്നു സംഭവം. ‘ഇങ്ങോട്ടു വരൂ, പന്ത് എങ്ങനെ പിടിക്കണമെന്ന് ഞാന്‍ പഠിപ്പിച്ചു തരാം’ എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്. ‘ശരി, ഇവിടെ വരൂ, ആരാണ് എന്നെ ക്യാച്ച് ചെയ്യാന്‍ പഠിപ്പിച്ചു തരിക?’ ആരാധകന്റെ നേരെ ആക്രോശിച്ചുകൊണ്ട് ഹസന്‍ അലി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.1995-ന് ശേഷം പാകിസ്ഥാന് ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനായിട്ടില്ല.
അവസാന ടെസ്റ്റില്‍, ജോഷ് ഹേസില്‍വുഡിന്റെ നാല് വിക്കറ്റ് നേട്ടം ഓസ്ട്രേലിയയുടെ വിജയകരമായ ചേസിംഗിന് മികച്ച സംഭാവന നല്‍കി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടന്ന പോരാട്ടം ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് കരിയറിന്റെ അവസാന മത്സരമായും അടയാളപ്പെടുത്തി.