അപമാനിക്കപ്പെട്ട് അംല, ഐപിഎല്ലിനിതെന്ത് പറ്റി?

ഐപിഎല്‍ താരലേലത്തില്‍ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ഹാഷിം അംല. ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പുറന്തള്ളപ്പെട്ടതാണ് അംല ഒരിക്കല്‍ കൂടി പുറന്തള്ളപ്പെട്ടതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല അംല ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ എഴുതി തള്ളപ്പെടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹാഷിം അംലയ്ക്ക് താരലേലത്തില്‍ പുറതള്ളപ്പെടാനായിരുന്നു വിധി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അവസാനത്തോടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിയ അംല രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് എഴുതിതള്ളിയവര്‍ക്ക് മറുപടി നല്‍കിയിരുന്നു.

ലോകത്തെ ഒന്നാം നിര ബാറ്റ്‌സ്മാനാണെങ്കിലും 16 മത്സരങ്ങള്‍ മാത്രം കളിക്കാനാണ് അംലയ്ക്ക ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞിട്ടുളളു. എന്നാല്‍ 44.38 എന്ന അമ്പരപ്പിക്കുന്ന ബാറ്റിംഗ് ശരാശരിയില്‍ 577 റണ്‍സ് സ്വന്തമാക്കാന്‍ അംലയ്ക്ക ചുരുങ്ങിയ മത്സരത്തിനുളളില്‍ തന്നെ കളിഞ്ഞിട്ടുണ്ട്.

ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി കൂടി അംല നേടിയിട്ടുണ്ട് എന്നറിയുമ്പോഴാണ് താരത്തിനെ പുറത്താക്കുന്നതിന് പിന്നില്‍ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്നത്.

ക്രിക്കറ്റ് ലോകത്ത് ഏത് സാഹചര്യത്തിലും അനായാസം ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമായാണ് ഹാഷിം അംലയെ വിലയിരുത്തുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും അദ്ദേഹം നേടിയ റെക്കോര്‍ഡുകള്‍ അതിന് തെളിവാണ്. പലപ്പോഴും ഐസിസി ലോകറാങ്കിംഗില്‍ തന്നെ ഒന്നാം സ്ഥാനത്താണ് അംല. എന്നിട്ടും താരമെന്ത് കൊണ്ട് അവഗണിക്കപ്പെടുന്നു എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്.