ഗൗതം ഗംഭീർ, വിരാട് കോഹ്‌ലി ഈ പേര് കേൾക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ഇരുവരും തമ്മിൽ എന്തോ ശത്രുത ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. അതിന്റെ ബാക്കിയെന്നോണം ആകണം ഇരുവരും ഏതെങ്കിലും ഒരു മത്സരത്തിൽ പരസ്പരം കണ്ടാൽ വഴക്കിൽ കലാശിക്കാതെ പോകില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ ആയിരുന്നിട്ടും ഒരേ രാജ്യത്തെ പ്രതിനിധികരിക്കുവർ ആയിട്ടും ഇരുവരും തമ്മിലുള്ള വഴക്കിന് കാരണം എന്താണെന്ന് ആർക്കും മനസിലാകുന്നില്ല .
2013 സീസണിൽ കൊൽക്കത്ത – ബാംഗ്ലൂർ പോരാട്ടത്തിൽ കോഹ്ലി പുറത്തായതിന് ശേഷം അന്നത്തെ കൊൽക്കത്ത നായകൻ ഗംഭീർ കോഹ്‌ലിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മൺവിന്ദർ ബിസ്‌ല ഇടപെട്ടതുകൊണ്ട് മാത്രം ആ സംഭവം ഒരു അടിയിൽ കലാശിച്ചില്ല. ഇന്ന് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ സംഭവം നടന്നിട്ട്. ഗംഭീർ കളിക്കളത്തിൽ നിന്ന് വിരമിച്ചിട്ട് ലക്നൗ ടീമിന്റെ പരിശീലകൻ ആണെങ്കിൽ കോഹ്ലി ബാംഗ്ലൂരിന്റെ താരമാണ് ഇപ്പോഴും. ഇന്ന് നടന്ന മത്സരത്തിൽ വിജയം നേടിയ ബാംഗ്ലൂർ താരങ്ങൾ ആഘോഷത്തിൽ ആയിരുന്നു. ആ സമയത്താണ് പഴയ സംഭവത്തിൻ്റെ ഓർമ്മ പുതുക്കി ഇരുവരും ഏറ്റുമുട്ടിയത്.
കോഹ്‌ലിയുമായി സംസാരിച്ച ലക്നൗ താരം മയേഴ്സിനെ ഗംഭീർ പിടിച്ചുമാറ്റുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ശേഷമാണ് ഇരുവരും ഏറ്റുമുട്ടിയത്. ആരാണ് വഴക്ക് തുടങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും പരിശീലകനും സൂപ്പർ താരവും തമ്മിലുള്ള തമ്മിലടി വലിയ വാർത്തക്കും ചർച്ചകളിലേക്കും നയിക്കുമെന്ന് ഉറപ്പാണ്.