ഇന്ത്യന്‍ ടീമില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ താന്‍ തയാറാണെന്ന് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും റണ്‍സ് കണ്ടെത്തുമെന്നും പന്ത് ഏല്‍പ്പിച്ചാല്‍ വിക്കറ്റും വീഴ്ത്തുമെന്നും വെങ്കടേഷ് പറഞ്ഞു.
‘എന്റെ മുമ്പിലേക്ക് എത്തുന്ന വെല്ലുവിളി ഏതായാലും ഞാന്‍ അത് സ്വീകരിക്കും. ക്രിക്കറ്റ് താരം എന്ന നിലയില്‍ ഞാന്‍ എല്ലാത്തിനും തയ്യാറായിരിക്കണം. ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ പന്തെറിയും വിക്കറ്റും വീഴ്ത്തും. ബാറ്റ് ചെയ്യാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ടീമിനായി സാധ്യമാകുന്ന അത്രയും റണ്‍സ് കണ്ടെത്തും.’
‘ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും സജ്ജനായിരിക്കണം. മാനസികമായി ഞാന്‍ അതിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനായാലും മൂന്നാമതോ അഞ്ചാമതോ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനോ ആയാലും എന്നെ അയക്കാം. ഞാന്‍ റണ്‍സ് നേടാം. രാജ്യത്തിനായി കളിക്കുമ്പോള്‍ ടീം ആവശ്യപ്പെടുന്ന വിധം കളിക്കണം. ടീമിനാണ് പ്രഥമ പരിഗണന.’
‘ഞാന്‍ ഓള്‍റൗണ്ടറാണ്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മികവ് കാണിക്കണം. ടീമില്‍ സ്ഥാനം പിടിക്കാനുള്ള മത്സരം ഞാന്‍ നോക്കുന്നില്ല. എന്നെ ടീമില്‍ എടുത്താല്‍ പെര്‍ഫോം ചെയ്യേണ്ടത് എന്റെ കടമയാണ്’ വെങ്കടേഷ് അയ്യര്‍ പറഞ്ഞു.
ന്യൂസിലാന്റിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ അരങ്ങേറിയ താരം മിഡില്‍ ഓര്‍ഡറില്‍ ബാറ്റിംഗിനിറങ്ങി 36 റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ 15 ബോളില്‍ നേടിയ 20 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതേ മത്സരത്തില്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം വീഴ്ത്തി. മൂന്നാം ടി20യില്‍ മാത്രമാണ് വെങ്കടേഷിനെ രോഹിത് ബോള്‍ ഏല്‍പ്പിച്ചത്.