ഇന്ത്യൻ ലോകകപ്പ് ടീമിൽ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തുന്നതിൽ സംശയം ഉന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യൻ സാഹചര്യങ്ങളിൽ ആധിപത്യം പുലർത്തുന്നതിന് പേരുകേട്ട സീനിയർ സ്പിന്നർ, ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലിടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുമ്പ് സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഫിഞ്ച് തന്റെ അഭിപ്രായം പറഞ്ഞത്. പരിക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായി അശ്വിൻ നിലവിൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ കളിക്കുന്നു . വെറ്ററൻ ഓഫ് സ്പിന്നർ 1/47, 3/41 എന്നിങ്ങനെയുള്ള സ്പെല്ലുകളിലൂടെ പരമ്പരയിൽ മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം, പ്രതീക്ഷിച്ച പോലെ പരിക്കിൽ നിന്ന് കരകയറാൻ കഴിയാത്തതിനാൽ അക്‌സർ മൂന്നാം ഏകദിനത്തിലും പുറത്തായി.
“അവൻ (അശ്വിൻ) അവസാന 15-ൽ ഇടംപിടിക്കാൻ പാടുപെടുമെന്ന് ഞാൻ കരുതുന്നു, പക്ഷേ വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ നിലവിലെ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം അവന് ചെയ്ത കാര്യങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് ഒരു മത്സരത്തിൽ കൂടി അവസരം നൽകിയേക്കാം. പക്ഷെ അവൻ ലോകകപ്പ് ടീമിൽ ഇടം പിടിക്കില്ല” ഫിഞ്ച് പറഞ്ഞു.
“ടെസ്റ്റ് മത്സരമായാലും ടി20 മത്സരമായാലും അശ്വിൻ തന്റെ കരിയറിൽ ഉടനീളം തിളങ്ങിയിട്ടുണ്ട്. എന്തിരുന്നാലും ഇന്ത്യയുടെ നിലവിലെ പ്ലെയിങ് ഇലവൻ സാഹചര്യം നോക്കിയാൽ അശ്വിൻ കളിക്കില്ല. കുൽദീപ് വരുമ്പോൾ അശ്വിനെ ഇന്ത്യ പുറത്താക്കും. അവൻ ആദ്യ 15 ൽ കളിക്കില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചയസമ്പത്ത് ഉള്ളതിനാൽ തന്നെ സൂപ്പർ താരം ലോകകപ്പിൽ ഇന്ത്യയുടെ മെന്റർ ആയി ടീമിന്റെ കൂടെ കാണണം എന്ന അഭിപ്രായവും ഫിഞ്ച് പങ്കുവെച്ചു. ലോകകപ്പ് സ്‌ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന തിയതി നാളെ ആയിരിക്കെ അക്‌സർ പട്ടേലിനെ മറികടന്ന് അശ്വിൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.