ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണിയെയാണ് നിയമിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിവന്ന ചുമതലയില്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മിന്നു മണി സംസാരിച്ചു. ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ പോലെ ക്യാപ്റ്റന്‍ കൂളായി ടീമിനെ നയിക്കണമെന്നാണ് ആഗ്രഹമെന്ന് മിന്നു മണി പറഞ്ഞു.
ക്യാപ്റ്റന്‍സിയില്‍ എം.എസ് ധോണിയാണ് എന്റെ റോള്‍ മോഡല്‍. വലിയ സമ്മര്‍ദഘട്ടങ്ങളിലും എത്ര അനായാസമായാണ് അദ്ദേഹം മൈതാനത്ത് ടീമിനെ നയിക്കുന്നത്. ധോണിയെ പോലെ ക്യാപ്റ്റന്‍ കൂളായി ടീമിനെ നയിക്കണം. നിര്‍ണായക ഘട്ടങ്ങളില്‍ ശാന്തമായി നിന്ന് മികച്ച തീരുമാനങ്ങളെടുക്കാന്‍ കഴിയണം. ഒരു മാതൃകാ ക്യാപ്റ്റനാകണം- മിന്നു മണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മികച്ച ടീമാണിത്. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം മികവു കാട്ടുന്ന താരങ്ങളുടെ മികച്ച കോംബിനേഷന്‍. എല്ലാവരും മികച്ച രീതിയില്‍ കളിക്കുമെന്നാണു പ്രതീക്ഷ. അതു ടീമിനെ വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ട്- മിന്നു മണി പറഞ്ഞു.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.