ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉണ്ടായേക്കില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ടി20 ക്രിക്കറ്റിലെ അടുത്തകാലത്തായുള്ള താരത്തിന്റെ മോശം പ്രകടനം വിലയിരുത്തിയാണ് താരത്തിന്‍രെ നിരീക്ഷണം. അതേസമയം, സൂര്യകുമാര്‍ യാദവ് ടീമിലുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
‘സൂര്യകുമാര്‍ യാദവ് ഓസ്ട്രേലിയയിലേക്കുള്ള തന്റെ ടിക്കറ്റ് ഇതിനകം ഉറപ്പിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കളിക്കാര്‍ തങ്ങളുടെ പ്രകടനങ്ങളില്‍ പിന്നോട്ട് പോയിട്ടുണ്ട്. ഉദാഹരണത്തിന് ഋഷഭ് പന്ത്. ഓസ്ട്രേലിയയിലേക്ക് പന്തിന് ടിക്കറ്റ് കിട്ടുമോ എന്ന് എനിക്ക് സംശയമാണ്.’
‘സൂര്യകുമാര്‍ യാദവ് സംശയാതീതമായി ഇതിനകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ പരുക്ക് ഗണ്യമാക്കാതെ, ഓസ്ട്രേലിയയിലേക്കുള്ള ആ വിമാനത്തില്‍ അദ്ദേഹത്തിന് ആ ഒരു സീറ്റ് നല്‍കുമെന്ന് ഞാന്‍ കരുതുന്നു.’
‘ഹാര്‍ദ്ദികിനെ അയര്‍ലന്‍ഡ് പര്യടനത്തില്‍ നായകനാക്കിയതില്‍ അതിയായ സന്തോഷമുണ്ട്. ഹാര്‍ദിക് തന്റെ കളിയുടെ ഉന്നതിയില്‍ ആണെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്ലിലെ ക്യാപ്റ്റന്‍സി അസാധാരണമായിരുന്നു, അവന്‍ ആത്മവിശ്വാസമുള്ള നേതാവാണ്’ മഞ്ജരേക്കര്‍ പറഞ്ഞു.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ടീമിൽ ഉള്ള എല്ലാ താരങ്ങളും അയർലൻഡ് പരമ്പരയിലും ടീമിലിടം നേടി. നായകൻ ഋഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരക്ക് ഉള്ള ടീമിലാണ് കളിക്കുന്നത്.
യുവതാരങ്ങൾക്ക് വലിയ അവസരമാണ് ഈ പരമ്പര. ഏറെ കാലമായി അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് തിളങ്ങാൻ പറ്റിയ അവസരമായി ഇതിനെ കാണാം. ഇഷാൻ കിഷൻ ആയിരിക്കും ടീമിലെ വിക്കറ്റ് കീപ്പർ. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജുവിനെ പ്രതീക്ഷിക്കാം. വി.വി.എസ് ലക്ഷ്മൺ ആയിരിക്കും പരമ്പരയിൽ ഇന്ത്യയുടെ പരിശീലകൻ.